അതിജീവനത്തിന് വാളാരംകുന്ന് കോളനിക്കാരുടെ മാതൃക
മാനന്തവാടി: രണ്ടാഴ്ചയിലധികം പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയേണ്ടി വന്ന ദു:ഖങ്ങള്‍ മറന്ന് വെള്ളമുണ്ട വാളാരംകുന്ന് കോളനിക്കാര്‍ പതിവ് തെറ്റാതെ നെല്‍കൃഷി ആരംഭിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി മുടക്കമില്ലാതെ നടത്തി വരുന്ന നെല്‍കൃഷിയാണ് കോളനിയിലെ അമൃത ആദിവാസി ഫാര്‍മേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഈവര്‍ഷം ആറേക്കര്‍ പാടത്ത് ആരംഭിച്ചത്.
അന്യന്റെ പാടത്ത് മാത്രം കൃഷിയെടുത്ത് പാരമ്പര്യമുള്ള ജില്ലയിലെ ആദിവാസി പണിയ വിഭാഗത്തിലെ കര്‍ഷകര്‍ക്ക് മാതൃകയാണ് വെള്ളമുണ്ട വാളാരം കുന്നിലെ ഈ കര്‍ഷകര്‍. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഇവര്‍ വയല്‍ പാട്ടത്തിനെടുത്ത് സ്വന്തമായി നെല്‍ കൃഷി നടത്തി വരികയാണ്.
മൊതക്കര, മൊണ്ണഞ്ചേരി വയലുകളിലായി ആറേക്കര്‍ പാടമാണ് ഈ വര്‍ഷം പാട്ടത്തിനെടുത്തത്. കനത്ത് കാലവര്‍ഷത്തിന് മുമ്പ് വിത്ത് പാകിയിരുന്നെങ്കിലും പകുതിയും ഒലിച്ചു പോയിരുന്നു. രണ്ടാമതും വിത്ത് പാകി മുളപ്പിച്ചാണ് കഴിഞ്ഞ ദിവസം ഞാറ് നടാന്‍ ആരംഭിച്ചത്. കോളനിയിലെ എട്ട് കുടുംബങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് കൃഷി നടത്തുന്നത്. കോളനിക്ക് സമീപം ഉരുള്‍പൊട്ടിയും കനത്തമഴയും കാരണം രണ്ട് തവണയായി പതിനഞ്ച് ദിവസത്തോളം ദുരിതാശ്വാസ ക്യാംപുകളില്‍ താമസിച്ച് തിരിച്ചെത്തിയവരാണ് വീണ്ടും അതിജീവനത്തിന് പാടത്തിറങ്ങിയത്.
മുന്‍വര്‍ഷങ്ങളില്‍ നടത്തിയ കൃഷികളില്‍ കാര്യമായ ലാഭം ലഭിച്ചില്ലെങ്കിലും കൃഷി ഉപേക്ഷിക്കാന്‍ തയ്യാറാവാതെയാണ് അഞ്ചാം വര്‍ഷവും ഇവര്‍ പാടത്തേക്കിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."