തലമുറ കൈമാറുന്ന റാങ്ക്
ഭാവന എന്‍. ശിവദാസിന്റെ സി.ബി.എസ്.ഇ റാങ്ക് വെറുമൊരു റാങ്ക് മാത്രമല്ല, മൂന്നു തലമുറയിലൂടെ ഒന്നാം റാങ്ക് എന്ന പെരുമ നിലനിര്‍ത്തിയ അലങ്കാരപ്പട്ടം കൂടിയാണ്. മുത്തശ്ശി ദേവി ശിവദാസ് 1967 ല്‍ കേരളാ സര്‍വകലാശാലയില്‍ നിന്ന് എം.എ ഇംഗ്ലീഷില്‍ ഒന്നാം റാങ്കുകാരിയായിരുന്നു. അച്ഛന്‍ ഡോ. നവീന്‍ ശിവദാസ് 2001 ല്‍ അണ്ണാമലൈ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.ഡിക്ക് ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. ഇപ്പോള്‍ ഭാവന സി.ബി.എസ്.ഇ പരീക്ഷയില്‍ ദേശീയതലത്തില്‍ ഒന്നാം റാങ്കുകാരിയുമായിരിക്കുന്നു.
പഠനം പാല്‍പ്പായസമാക്കിയ പാലക്കാട് കുന്നത്തൂര്‍മേട് 'ലക്ഷണ'യില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. നവീന്‍ ശിവദാസിന്റെയും ദീപ്തിയുടെയും മകളായ ഭാവനയ്ക്ക് കണക്ക്, ഇംഗ്ലീഷ്, സയന്‍സ്, സംസ്‌കൃതം വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കുമുണ്ട്. സോഷ്യല്‍ സ്റ്റഡീസിനാണ് ഒരു മാര്‍ക്ക് നഷ്ടമായത്. ഒറ്റ മാര്‍ക്കിന് സമ്പൂര്‍ണ മാര്‍ക്ക് നഷ്ടപ്പെട്ടിട്ടും ഈ പെണ്‍കുട്ടി വലിയ സന്തോഷത്തിലാണ്. നല്ല മാര്‍ക്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ഒന്നാം റാങ്ക് നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് ഈ മിടുക്കി പറയുന്നത്. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ 500 ല്‍ 499 മാര്‍ക്ക് നേടി രാജ്യത്ത് ഒന്നാംസ്ഥാനക്കാരിയായതിന്റെ സന്തോഷം ഭാവന എന്‍. ശിവദാസ് അഭിമാനത്തോടെ തന്നെ പങ്കുവയ്ക്കുന്നു.
? പഠനം എങ്ങിനെയായിരുന്നു
ശരാശരി കുട്ടികളെപ്പോലെ തന്നെയാണ് തന്റെ പഠനരീതി. പഠിക്കാന്‍ പ്രത്യേക സമയമൊന്നും താന്‍ എടുത്തിട്ടില്ല. അന്നന്ന് ക്ലാസില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ അതാതു ദിവസം പരമാവധി പഠിച്ചു തീര്‍ക്കുന്ന സ്വഭാവമാണ് എനിക്കുള്ളത്. ക്ലാസില്‍ എടുക്കുന്ന വിഷയങ്ങളില്‍ വല്ല സംശയവുമുണ്ടായാല്‍ ബന്ധപ്പെട്ട അധ്യാപകരെ കണ്ട് സംശയനിവൃത്തി വരുത്തിയാണ് മുന്നോട്ടു പോകാറുള്ളത്.
? സഹപാഠികളുമായി ബന്ധം
എനിക്ക് അടുത്ത കൂട്ടുകാരികള്‍ എന്ന് പറയാന്‍ ആരുമില്ലെങ്കിലും, ക്ലാസിലെ എല്ലാവരുമായും നല്ല സൗഹൃദമാണ്. പഠന കാര്യങ്ങളില്‍ എല്ലാവരും എന്നെ സഹായിക്കുമായിരുന്നു. ചില സുഹൃത്തുക്കളുടെ വീട്ടിലും പോകും, ചിലര്‍ എന്റെ വീട്ടിലും വരും.
? രക്ഷിതാക്കള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടോ
അതിന്് അവര്‍ക്ക് അവസരം നല്‍കാറില്ല. സ്‌കൂള്‍ വിട്ടു വന്നാല്‍ ലഘുഭക്ഷണം കഴിച്ചതിനു ശേഷം കുറച്ചു നേരം കഴിഞ്ഞാല്‍ അന്നന്നത്തെ ഹോം വര്‍ക്കുകള്‍ ചെയ്തു തീര്‍ക്കും. പിന്നെ രാത്രി പതിനൊന്നു വരെ അന്നത്തെ പാഠങ്ങള്‍ പഠിച്ചു തീര്‍ക്കും. പാലക്കാട് മേഴ്‌സി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ച മുത്തശ്ശി ദേവി ശിവദാസ് എനിക്ക് ഇംഗ്ലീഷ് പാഠങ്ങളുടെ സംശയ നിവൃത്തി വരുത്തും. അമ്മ ദീപ്തി വീട്ടമ്മയായാണ്. അച്ഛന്‍ ഡോ. നവീന്‍ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ്് ആയതിനാല്‍ എന്നും തിരക്കായിരിക്കും. എന്നിരുന്നാലും, എന്റെ പഠനകാര്യങ്ങളെക്കുറിച്ചു എപ്പോഴും തിരക്കും. വീട്ടില്‍ അച്ഛന്‍, അമ്മ, മുത്തശ്ശി എല്ലാവരും നല്ല ചങ്ങാതിമാരെ പോലെയാണ്.
? പഠനത്തിന് പുറമെ ഹോബികള്‍
കഴിഞ്ഞ ഏഴ് വര്‍ഷമായി ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്. താരേക്കാട് നന്ദകുമാര്‍, വെങ്കിട്ടരാമന്‍ എന്നിവരാണ് ഗുരുക്കന്മാര്‍. പിന്നെ വായിക്കും. ഞാന്‍ പഠിക്കുന്ന കൊപ്പം ലയണ്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നല്ല ലൈബ്രറി ഉണ്ട്. അവിടെ നിന്ന് പുസ്തകങ്ങള്‍ എടുത്തു വായിക്കും. ടി.വി കാണും. നല്ല സിനിമകള്‍ തീയേറ്ററില്‍പോയി വീട്ടുകാരോടൊപ്പം കാണാറുണ്ട്. അച്ഛനും അമ്മയും ഏകമകളായ ഞാനും ആഴ്ചയിലൊരിക്കല്‍ ഔട്ടിങ്ങിന് പോകാറുണ്ട്. പിന്നെ ചിത്രം വരക്കും.
? ഈ വിജയത്തില്‍ ആരോടൊക്കെയാണ് കടപ്പാടുള്ളത്
എന്റെ വീട്ടുകാരോടും എന്നോടൊപ്പം ഒന്നാം ക്ലാസുമുതല്‍ പത്താം തരം വരെ കൂടെനിന്ന സ്‌കൂളിലെ അധ്യാപകരോടും. പിന്നെ സഹപാഠികളും എന്നെ സഹായിച്ചിട്ടുണ്ട്.
? തുടര്‍പഠനം ഏതു വിഷയത്തില്‍
എന്റെ മുത്തച്ഛന്‍ ഡോ. ശിവദാസ്, അച്ഛന്‍ ഡോ. നവീന്‍ ശിവദാസ് ഇവര്‍ ഡോക്ടര്‍മാരാണെങ്കിലും എനിക്ക് എന്‍ജിനീയറിങിന് ചേര്‍ന്ന് പഠിക്കാനാണ് താല്‍പര്യം. കണക്കും സയന്‍സും ഇഷ്ടപ്പെട്ട വിഷയങ്ങളായതിനാലും, ഇവയിലൂടെ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനാകുമെന്നതിനാലുമാണ് ഒരു എന്‍ജിനീയര്‍ ആവാന്‍ താല്‍പര്യപ്പെടുന്നത്. മുന്‍ രാഷ്ട്രപതി ഡോ. അബ്ദുല്‍ കലാമിനെ പോലെയുള്ള ശാസ്ത്രജ്ഞരാണ് എന്റെ പ്രചോദനം. അതുകൊണ്ടാണ് എന്‍ജിനിയറിങ് പഠിക്കാന്‍ ഇഷ്ടപ്പെടുന്നത്.
? പഠന വിഷയത്തില്‍ മറ്റുള്ളവരോട് പറയാനുള്ളത്
പഠിപ്പിക്കുന്ന വിഷയം ശ്രദ്ധയോടെ പഠിക്കാന്‍ ശ്രമിക്കണം. പരീക്ഷയടുക്കുമ്പോള്‍ ഉണ്ടാകുന്ന ഭയം ഇല്ലാതാക്കാന്‍ നല്ല വായന ശീലിച്ചു ധൈര്യം സംഭരിക്കണം. ആത്മാര്‍ഥതയും, വിനയവുമാണ് എന്റെ കൈമുതല്‍. രക്ഷിതാക്കള്‍ മക്കളെ നിര്‍ബന്ധിച്ചു പഠിപ്പിക്കുന്നതിന് പകരം അവരെ സ്‌നേഹപൂര്‍വ്വം പഠിക്കാന്‍ പ്രേരിപ്പിക്കണം.
? ഭാവനയുടെ ഏറ്റവും നല്ല ഗുണം എന്ന് സ്വയം വിശ്വസിക്കുന്നത്?
എപ്പോഴും മാതാപിതാക്കളോടും ഗുരുജനങ്ങളോടും സുഹൃത്തുക്കളോടും എല്ലാ കാര്യവും സത്യമായി പറയാനും ഒന്നും ഒളിച്ചുവയ്ക്കാതെ പെരുമാറാനും ശ്രമിച്ചിട്ടുണ്ട് എന്ന വിശ്വാസം.
പുതിയ ലോകത്തെ കുട്ടികളെപ്പോലെ ഭാവന സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് അച്ഛനില്‍ നിന്നോ, അമ്മയില്‍ നിന്നോ വാങ്ങി ഉപയോഗിക്കും. പരമാവധി ഉപയോഗിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."