മഴക്കെടുതി; ദുരന്തമുഖത്ത് കൈത്താങ്ങായവരെ ആദരിച്ചു
കല്‍പ്പറ്റ: വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും ദുരന്തമുഖത്ത് പെട്ടുപോയ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ കരങ്ങള്‍ക്ക് പച്ചപ്പിന്റെ ആദരം. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രത്യേക ചടങ്ങിലാണ് ദുരന്തമുഖങ്ങളില്‍ കര്മ്മധീരരായവരെ അനുമോദിച്ചത്.
കല്‍പ്പറ്റ നിയോജകമണ്ഡലം പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് സി.കെ ശശീന്ദ്രന് എം.എല്‍.എയുടെ നേതൃത്വത്തില്‍ പൗരാവലി ഒത്തുചേര്‍ന്നത്. മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അക്ഷീണം പ്രയത്നിച്ച് മാതൃകയായവരെയാണ് ഒരു വേദിയിലേക്ക് ക്ഷണിച്ച് നാടിന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചത്.
3826 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി വിതരണം ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒരു പതിറ്റാണ്ടിലേറെയായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന തുര്‍ക്കി ജീവന് രക്ഷാസമിതിയും പ്രത്യേകം ആദരവ് ഏറ്റുവാങ്ങി.
ഏതൊരു ദുരന്തമേഖലകളിലും എപ്പോഴും ഓടിയെത്തുന്ന സന്നദ്ധപ്രവര്‍ത്തകരാണ് നാടിന്റെ സ്പന്ദനമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു.
സമാനതകളിലാത്ത ദുരന്തത്തിലും കൈത്താങ്ങാകാന്‍ എത്തിയ രക്ഷാപ്രവര്‍ത്തകരുടെ കര്‍മ്മവീര്യവും സഹകരണവും മാതൃകാപരമാണെന്ന് സി.കെ ശശീന്ദ്രന് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍, ജില്ലാ പൊലിസ് മേധാവി ആര് കറുപ്പസാമി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് പി.എം നാസര്‍, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."