തമിഴിന്റെ തോപ്പില്‍ മലയാളത്തിന്റെയും
അറബിത്തമിഴിലുള്ള വ്യുല്‍പത്തി അറബി മലയാളത്തിലും വച്ചു പുലര്‍ത്തിയിരുന്നതുകൊണ്ട് താഴ്്ന്ന തലത്തിലുള്ള മുസ്്‌ലിം ജീവിതങ്ങള്‍ അനുവാചകരുടെ അന്തരാളത്തെ ആഴത്തില്‍ സ്പര്‍ശിക്കുംവിധം അടയാളപ്പെടുത്താന്‍ തോപ്പില്‍ മുഹമ്മദ് മീരാനു കഴിഞ്ഞു. അതുകൊണ്ടുതന്നെ അക്കാദമികമായ വിലയിരുത്തലില്‍ ലഭിച്ച അഭിനന്ദനങ്ങളുടെ അതേ തോതില്‍ത്തന്നെ താഴേത്തട്ടിലുള്ളവരും ആ സൃഷ്ടികളെ കൊണ്ടാടി. ലാളിത്യത്തിന്റെ ലാവണ്യം തന്നെയായിരുന്നു ആ കൃതികളുടെ മുഖമുദ്ര. ജീവിക്കുന്ന ഇതിഹാസമായി ഈ കൃതഹസ്തനായ എഴുത്തുകാരനെ നോക്കിക്കണ്ടവരും കുറവല്ല.
1944 സെപ്റ്റംബര്‍ 26 ന് കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലിനടുത്തുള്ള തേങ്ങാപ്പട്ടണത്തായിരുന്നു അദ്ദേഹത്തിന്റെ പിറവി. പ്രാഥമിക വിദ്യാഭ്യാസം മലയാളം സ്‌കൂളിലായതാവാം രണ്ടു ഭാഷകള്‍ക്കിടയില്‍ പ്രണയത്തിന്റെ ഒരു പാലം തീര്‍ക്കാന്‍ അദ്ദേഹത്തെ കരുത്തനാക്കിയത്. നാഗര്‍കോവില്‍ എസ്.ടി ഹിന്ദു കോളജില്‍ നിന്ന് പിന്നീട് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. അവിടെ, അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു കവി എസ്. രമേശന്‍ നായര്‍.
വേര്‍പ്പാടിന്റെ ദു:ഖം
എഴുതിത്തുടങ്ങുമ്പോള്‍ ആദ്യം മലയാള ലിപി ഉപയോഗിച്ച മീരാന്‍ പതുക്കെ തന്റെ മാതൃഭാഷയിലേക്ക് മാറുകയായിരുന്നു. തമിഴ് ഔപചാരികമായി പഠിക്കാത്തതുകൊണ്ട് ആ ഭാഷയില്‍ എഴുത്ത് ആരംഭിച്ചപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് നേരെ ഉയരുകയുണ്ടായി. ഭാഷാടിസ്ഥാനത്തിലുള്ള, ഭാരത സംസ്ഥാന വിഭജനം നല്ല കാര്യമായിരുന്നെങ്കിലും അദ്ദേഹത്തിന് അത് ചെറിയ ആഘാതമായിരുന്നില്ല ഏല്‍പ്പിച്ചത്. തറവാട് ഭാഗം വയ്ക്കുമ്പോള്‍ കുടിയിറങ്ങേണ്ടി വന്ന കുടുംബാംഗത്തെപ്പോലെ അദ്ദേഹത്തിന് വല്ലാത്ത വേദന തോന്നിയിരിക്കണം. മലയാള നാടിനെ നെഞ്ചോട് ചേര്‍ത്തിരുന്ന താന്‍ അന്യനായിരിക്കുന്നു. ഭാഷാ പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചപ്പോള്‍ സംഭവിച്ച പുതുകച്ചവടച്ചന്തയിലെ വെടിവയ്പ്പ്, പത്ത് വയസിലേ മീരാനെ ഉലച്ചിരുന്നു. അത് മാനസികമായി ഒരുപാട് പ്രതിസന്ധികള്‍ സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍ അപ്രതീക്ഷിതമായ അനുഭവങ്ങള്‍ തളര്‍ത്തുക മാത്രമല്ല ചെയ്യുക. ജീവിതം നേരിടാനുള്ള കരുത്തും അവ സമ്മാനിക്കും. ഭാഷ അധികം പഠിക്കാത്തതുകൊണ്ട് വ്യാകരണ ദുശ്ശാഠ്യങ്ങളില്‍ നിന്നുള്ള വിമോചനം കൂടി തന്നെ സംബന്ധിച്ചേടത്തോളം സാധിതമായി എന്നുവേണം വിചാരിക്കാന്‍. വിമര്‍ശനങ്ങള്‍, എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വഴികള്‍ തീരുമാനിക്കുന്നതില്‍ പ്രധാനഘടകമായി മാറിയിരിക്കണം. അതാവണം ആ സൃഷ്ടികളില്‍ ഇത്ര സ്വാഭാവികത അനുഭവപ്പെടാന്‍ കാരണം.
മീന്‍ കച്ചവടക്കാരനായ പിതാവിന്റെ വേര്‍പാടാണ് ജീവിതായോധനത്തിനായി ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചത്. എണ്ണക്കമ്പനിയില്‍ എടുത്തുകൊടുപ്പുകാരനായി തുടങ്ങി, വറ്റല്‍ മുളകു വ്യാപാരത്തിലേയ്ക്ക് വന്ന അദ്ദേഹം പ്രശസ്തനായിട്ടും തന്റെ ലാവണം വെടിയാന്‍ മെനക്കെട്ടില്ല എന്നതു തന്നെ, നാട്യങ്ങളുടെ മുഖാവരണം അദ്ദേഹത്തിനില്ല എന്നതിന്റെ തെളിവായിരുന്നു.
തമിഴിന്റെ വൈക്കം ബഷീര്‍
സംസ്ഥാനം എന്ന നിലയില്‍ കേരളം അന്യമായിട്ടും അക്ഷരങ്ങളുടെ പ്രകാശത്തിന് അതിര്‍ത്തി ഭേദിക്കാന്‍ പ്രയാസമില്ലാത്തതുകൊണ്ട് അതിനോടു സമരസപ്പെടാന്‍ അദ്ദേഹത്തിന് വേഗത്തില്‍ സാധിച്ചിരിക്കണം. സര്‍ഗ്ഗോപാസനയിലൂടെ ഒരു സാഹിത്യകാരന്‍ നേടിയെടുക്കുന്നത് പുതിയൊരു പ്രപഞ്ചത്തിന്റെ നിര്‍മിതി കൂടിയാണല്ലോ. വൈക്കം മുഹമ്മദ് ബഷീറിന്റെ കടുത്ത ആരാധകനായിരുന്നു മീരാന്‍. തന്റെ പ്രിയപ്പെട്ട എഴുത്തുകാരനെ നേരിട്ടു കാണാനുള്ള സൗഭാഗ്യം ലഭിച്ചില്ലെങ്കിലും ബഷീര്‍ കൃതികളുടെ പ്രോത്സാഹനം തന്റെ എഴുത്തുവഴികളില്‍ എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് കഥാനായകന്‍ തന്നെ അനുസ്മരിച്ചിട്ടുണ്ട്. ഡോ. എം.എന്‍ കാരശ്ശേരി തയ്യാറാക്കിയ ബഷീറിന്റെ ജീവചരിത്രം തമിഴിലേക്ക് മീരാന്‍ ഭാഷാന്തരം ചെയ്തത് ആകര്‍ഷണീയമായ ശൈലിയിലാണ്. മഹാകവി മോയിന്‍കുട്ടി വൈദ്യരോടും വ്യക്തമായ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം കാരശ്ശേരി ഗദ്യരൂപത്തില്‍ സംഗ്രഹിച്ച 'ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാലി'ന്റെ മൊഴിമാറ്റവും നടത്തിയിട്ടുണ്ട്. തമിഴിലെ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന അപരനാമത്തിലും അദ്ദേഹം വിശേഷിപ്പിക്കപ്പെടുകയുണ്ടായി. സച്ചിദാനന്ദന്റെ 'സാക്ഷ്യങ്ങള്‍', എന്‍.പി മുഹമ്മദിന്റെ 'ദൈവത്തിന്റെ കണ്ണ്', യു.എ ഖാദറിന്റെ 'തൃക്കോട്ടൂര്‍ പെരുമ', ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ 'കഥകള്‍' ഇവയും മീരാന്‍ തര്‍ജ്ജമ ചെയ്തവയില്‍പ്പെടും. പി.കെ പാറക്കടവിന്റെ 'ഇടിമിന്നലുകളുടെ പ്രണയം' മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കെയാണ് മരണം അവസരത്തിന്റെ വിലയറിയാത്ത സന്ദര്‍ശകനെപ്പോലെ കയറിവരുന്നത്. തിരുനല്‍വേലി, മീര്‍ബാബു നഗറിലെ രാമന്‍ഹട്ട ജുമാമസ്്ജിദ് ഖബര്‍സ്ഥാനില്‍ അദ്ദേഹം ശാശ്വത നിദ്ര പൂകിയിരിക്കുന്നു. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ജലീലയാണ്. ശമീം അഹമ്മദ്, മിര്‍സാദ് അഹമ്മദ് എന്നിവരാണ് മക്കള്‍.
എഴുത്തിന്റെ മാസ്മരികത
തെന്‍ ഫത്തന്‍ എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്റെ രണ്ടര നൂറ്റാണ്ടിന്റെ ചരിത്രം അനായാസമായി അവതരിപ്പിക്കുന്ന ഹൃദയസ്പൃക്കായ മനോഹരമായ നോവലാണ് സായ്‌വ് നാര്‍ക്കാലി (ചാരുകസേര). നാലു ഭിത്തികള്‍ക്കുള്ളില്‍ നരകയാതന അനുഭവിച്ചു കഴിയുന്ന സ്ത്രീകളുടെ നേരെ, പുരുഷാധിപത്യം നടത്തുന്ന ക്രൂരമായ തേര്‍വാഴ്ചയുടെ അനാവരണമാണ് ഈ സൃഷ്ടി. 1997 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഈ നോവലിനെ തേടി വന്നത്, അര്‍ഹതയ്ക്കുള്ള അംഗീകാരമായിട്ടാണ്. ഒരു കടലോരഗ്രാമത്തിന്റെ കഥ (1988), തുറമുഖം (1991), കൂനന്‍ തോപ്പ് (1993) തുടങ്ങി ശ്രദ്ധേയമായ ആറു നോവലുകള്‍ക്കു പുറമെ തോപ്പില്‍ മുഹമ്മദ് മീരാന്റെ കഥകള്‍ എന്ന പുസ്തകമടക്കം അഞ്ച് കഥാസമാഹാരങ്ങളും ആ എഴുത്തുവഴിയിലെ നാഴികക്കല്ലുകളായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം, ദൂരദര്‍ശന്‍ പ്രോഗ്രാം കമ്മിറ്റി അംഗം, മാനവ വിഭവശേഷി വകുപ്പ് സി.പി.ഐ.എല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു അദ്ദേഹം. തമിഴ്്‌നാട് മുര്‍പോക്ക് എഴുത്താളര്‍ സംഘം പുരസ്‌കാരം, തമിഴ്‌നാട് കലൈ ഇലക്കിയ പെരുമണ്‍റം പുരസ്‌കാരം, ഇലക്കിയ ചിന്തനൈ പുരസ്‌കാരം, തമിഴ്്‌നാട് സര്‍ക്കാര്‍ പുരസ്‌കാരം, എസ്.ആര്‍.എം യൂനിവേഴ്‌സിറ്റിയുടെ തമിഴ്് അക്കാദമി പുരസ്‌കാരം എന്നിവ ആ സ്വര്‍ണ്ണത്തൊപ്പിയിലെ ചില തൂവലുകള്‍ മാത്രം. ഒരു കടലോര ഗ്രാമത്തിന്റെ കഥ ക്രോസ്‌വേള്‍ഡ് അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് പ്രത്യേകം എടുത്തു പറയണം. മലയാളം, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, ഉര്‍ദു ഭാഷകളിലേക്കെല്ലാം ആ കൃതികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകസാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെട്ട ഉത്തമ കൃതികള്‍ ജന്മംകൊണ്ട ഭാഷയാണ് തമിഴ്. പോയകാലത്തിന്റെ വിശദമായ ചിത്രം സമൂഹത്തിനായി തുറന്നിട്ട, പുറം നാനൂറ്, അകം നാനൂറ്, മണിമേഖല തുടങ്ങിയ കൃതികള്‍ അവയില്‍ ചിലതുമാത്രം. കാലം കൗതുകത്തോടെ കാത്തുസൂക്ഷിക്കുന്ന ഉല്‍കൃഷ്ടകൃതികളോടൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ ആ ഭാഷയുടെ ആത്മാവറിഞ്ഞുകൊണ്ട് കഥയുടെയും കവിതയുടെയും കാല്‍പ്പനികഭാവങ്ങള്‍ സമ്മാനിച്ച മുഹമ്മദ് മീരാനെ വിസ്മൃതിയിലാഴ്ത്താന്‍ എത്ര കഴിഞ്ഞാലും കാലത്തിന് കഴിയില്ല എന്ന് തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."