കടല്‍ മണല്‍ക്കടത്ത് വ്യാപകം; കരയിടിച്ചില്‍ ഭീഷണിയില്‍ കടലോരം
കണ്ണൂര്‍: മണല്‍ക്ഷാമം മുതലെടുത്തു ജില്ലയിലെ കടല്‍തീരങ്ങളില്‍ നിന്നും വന്‍തോതില്‍ കടല്‍മണല്‍ കടത്തുന്നു. നിര്‍മാണ മേഖലയിലെ മണല്‍ക്ഷാമം മുതലെടുത്താണ് ഈ കള്ളക്കടത്ത്.
നിര്മാണ് പദ്ധതി പ്രകാരം റവന്യൂവകുപ്പ് നല്‍കിവരുന്ന ഇ-മണല്‍ പദ്ധതി പ്രകാരം ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് മണല്‍ ലഭിക്കുന്നില്ല.അഴീക്കല്‍ പോര്‍ട്ടില്‍ നിന്നുള്ള മണല്‍ വിതരണവും നിലച്ചു. ക്വാറികള്‍ക്കു പാരിസ്ഥിതിക പ്രശ്നങ്ങളാല്‍ വിലക്കു വന്നതോടെ എംസാന്റും നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവസരം മുതലെടുത്തു കടല്‍മണല്‍ കടത്തല്‍ വ്യാപകമായിരിക്കുന്നത്.
കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പലം, മുഴപ്പിലങ്ങാട്, അഴീക്കല്‍ ചാല് ബീച്ച്, തലശേരി തുടങ്ങിയ കടലോരങ്ങളില്‍ നിന്നാണ് മണല്‍ കടത്തുന്നത്. വന്‍തോതിലുള്ള മണല്‍കടത്ത് പിടിക്കുമെന്നതിനാല്‍ ചെറുവാഹനങ്ങളിലാണ് ഇവ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്.
സ്കൂട്ടര്‍, പെട്ടി ഓട്ടോറിക്ഷകള്‍ തുടങ്ങി തലച്ചുമടായും മണല്‍ കടത്തുന്നുണ്ട്. ഓര്‍ഡര്‍ സ്വീകരിച്ചു രാത്രികാലങ്ങളിലാണ് ആവശ്യക്കാര്‍ക്ക് മണലെത്തിക്കുന്നത്. പ്ലാസ്റ്റിക് ചാക്കുകളിലാണ് ഇവ നിറയ്ക്കുന്നത്. ഒരു ബാഗിന് 70 രൂപയാണ് വില. തീരങ്ങളില്‍ കുഴിയുണ്ടാക്കി മണല്‍ കടത്തുന്നതും സജീവമായിട്ടുണ്ട്.
ഇതുകാരണം വന്‍ ഗര്‍ത്തങ്ങള്‍ രൂപം കൊള്ളുന്നതായി കടലോര വാസികള്‍ പറയുന്നു.
കരയിടിച്ചലും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും നേരിടുന്ന ജില്ലയിലെ കടലോരങ്ങള്‍ മണലെടുപ്പു വ്യാപകമായതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതുകൂടാതെ കടല്‍തീരങ്ങളില്‍ മാലിന്യം തള്ളുന്നതും വര്‍ധിച്ചുവരികയാണ്. ഗുരുതര പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് രാത്രികാലങ്ങളില്‍ തള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."