നിലവിളിക്കുന്നു, ഈ കുഞ്ഞുങ്ങളുടെ രക്തം
മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് റഫര്‍ ചെയ്ത പൂര്‍ണ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ ചികിത്സാനിഷേധത്തെതുടര്‍ന്ന് മരിക്കാനിടയായത് ഒറ്റപ്പെട്ട സംഭവമാണെത്രെ. ആ തരത്തിലാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശരീര ഭാഷ. ആരോഗ്യവകുപ്പിന്റെ ന്യായീകരണവും അങ്ങനെതന്നെ. വീഴ്ചകള്‍ സംഭവിച്ചതായി സമ്മതിക്കാതിരിക്കാന്‍ വീണിടത്തുകിടന്നു ഉരുളുന്നു. റഫര്‍ചെയ്തത് ബന്ധുക്കള്‍ പറഞ്ഞിട്ടാണെന്നുതന്നെ ആണയിടുന്നു. ഒറ്റപ്പെട്ട സംഭവമായിരുന്നോ അത്.? മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്നുതന്നെയുണ്ട് എത്രയോ ഇരകള്‍. ഇവിടുത്തെ ജീവനക്കാര്‍ തന്നെ പ്രതിപ്പട്ടികയില്‍ നിറയുന്ന സംഭവങ്ങളുമുണ്ട്.
കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് മലപ്പുറം വള്ളിക്കുന്നിലെ യുവതിയുടെ ഗര്‍ഭസ്ഥശിശുക്കള്‍ ഇതേ ആശുപത്രിയില്‍ മരിച്ചത്. കൊവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായിരുന്നു യുവതിയെ. ആ ദിനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും അവരുടെ നെഞ്ചു പിടക്കുന്നു. കണ്ണുകള്‍ നിറയുന്നു...
പ്രസവവേദനയില്‍ പിടഞ്ഞ യുവതിയെ നാലുമണിക്കൂര്‍ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചത് ഇതേ ആശുപത്രിയിലെ മറ്റൊരു വേദനിപ്പിക്കുന്ന സംഭവം.
കാവനൂര്‍ എളയൂര്‍ പാറമ്മല്‍ ചീനിയന്‍ മൊയ്തീന്‍ കുട്ടിയുടെ ഭാര്യ സഫിയയുടെ കുഞ്ഞാണ് മരിച്ചത്. ചികിത്സയിലെ പിഴവുമൂലം ഗര്‍ഭസ്ഥശിശു മരിക്കുകയും യുവതിയുടെ ഗര്‍ഭപാത്രവും വന്‍കുടലും നീക്കം ചെയ്യേണ്ടിവരികയും ചെയ്തതും ഇതേ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയുടെ ഫലം.
മഞ്ചേരി വെള്ളുവമ്പ്രം സ്വദേശിനി ലുബ്‌നക്കായിരുന്നു ദുരനുഭവം. ലുബ്‌ന നാലുമാസം ഗര്‍ഭിണിയായിരിക്കേ ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പ് അപകടനിലയിലാണെന്നായിരുന്നു ഡോക്ടറുടെ കണ്ടെത്തല്‍. ഇതുംപറഞ്ഞ് ഗര്‍ഭം എടുത്തുകളയാന്‍ ഗൈനക്കോളജിസ്റ്റ് നിര്‍ദേശിച്ചു.
യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പ്രസവിക്കാനുള്ള മരുന്ന് മൂന്നു തവണ നല്‍കിയതോടെ അമിതരക്തസ്രാവമുണ്ടായി. പ്ലാസന്റ പുറത്തേക്കുവന്നു. കുടല്‍ പൊട്ടി. അപ്പോഴാണ് കൈവിട്ട കളിയായിരുന്നുവെന്ന് ഡോക്ടര്‍ക്ക് ബോധ്യമായത്. അത്യാസന്ന നിലയിലായ യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഗര്‍ഭപാത്രവും കുടലും പുറത്തെടുത്തു. ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ടുമാത്രമെന്ന് ബന്ധുക്കള്‍.
കുറ്റക്കാരിയായ ഗൈനക്കോളജിസ്റ്റിനും ജീവനക്കാര്‍ക്കുമെതിരേ ബന്ധുക്കള്‍ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ്.
പ്രസവ ശസ്ത്രക്രിയക്കിടെ അനസ്‌ത്യേഷ്യ കുത്തിവച്ചതിലെ പിഴവു മൂലം 17 വര്‍ഷം അബോധാവസ്ഥയില്‍ കിടന്നാണ് കാളികാവ് അമ്പലക്കടവിലെ പോക്കാവില്‍ മൈമൂന കണ്ണടച്ചത്. അത് മഞ്ചേരി മെഡിക്കല്‍ കോളജ് ജില്ലാ ആശുപത്രിയായിരുന്ന നാളിലെ കഥയാണ്. മറ്റൊരു ഗൈനക്കോളജിസ്റ്റിന്റെ കൈപ്പിഴയാണ് മൈമൂനയുടെ ജീവനും ജീവിതവുമെടുത്തത്.
ഇങ്ങനെ എത്രവേണമെങ്കിലുമുണ്ട് മഞ്ചേരി മെഡിക്കല്‍ കോളജിലെ ചികിത്സാ നിഷേധം കൊണ്ട് ജീവനും ജീവിതവുമില്ലാതായ ഹതഭാഗ്യര്‍. ഇത്തരത്തിലുള്ള നൂറായിരം കഥകള്‍ ഇവിടെ ഒതുങ്ങുന്നതല്ല. കേരളത്തിന്റെ വിവിധ ആതുരാലയങ്ങളില്‍നിന്ന് ഉയരുന്നുണ്ട് മനുഷ്യാവകാശ ലംഘനങ്ങളുടെ നിലവിളികള്‍. കാരുണ്യം വറ്റിയ സമീപനങ്ങള്‍. സംസ്‌കാര സമ്പന്നമായ കേരളത്തിന്റെ പാരമ്പര്യത്തിനു നിരക്കാത്ത നടപ്പുരീതികള്‍.
എല്ലാ ആശുപത്രികളും ഒരുപോലെയാണെന്നല്ല. എല്ലാ മാലാഖമാരും പിശാചുക്കളാകുന്നുമില്ല. എന്നാല്‍ ചിലരെങ്കിലും മനുഷ്യത്വം മറക്കുന്നുണ്ട്. പൈശാചികമായി പെരുമാറുന്നുണ്ട്. തെറ്റുപറ്റിയാലും കണ്ണടച്ച് ഇരുട്ടാക്കുന്നുണ്ട്. അവര്‍ക്ക് ആരോഗ്യവകുപ്പും സര്‍ക്കാരും ഒപ്പം ചേരുകകൂടി ചെയ്താലോ. പൊലിസും പട്ടാളവും ഓശാന പാടിയാലോ.? പ്രശ്‌നം കൂടുതല്‍ കലുഷിതമാവുകയേയുള്ളൂ. മുകളില്‍ സൂചിപ്പിച്ച വള്ളിക്കുന്നിലെ നീനുവിന്റെ വാക്കുകള്‍ തന്നെ കേള്‍ക്കുക. അക്കഥ നാളെ...
ആത്മഹത്യകളുടെ കൊവിഡ് വാര്‍ഡുകള്‍ ...
കൊവിഡ് കണക്കുപുസ്തകത്തിലെ താളപ്പിഴകള്‍ ആരു തിരുത്തും ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."