ബ്രെക്സിറ്റ് ചര്‍ച്ച പരാജയം; അവസാന വോട്ടെടുപ്പ് ജൂണില്‍
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്‍വാങ്ങുന്നതിനുള്ള ബ്രെക്സിറ്റ് കരാറില്‍ സമവായത്തിലെത്തുന്നതിനായി ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ നടന്നുവന്ന ചര്‍ച്ച പരിഹാരമാവാതെ പിരിഞ്ഞു.
തെരേസ മേ സര്‍ക്കാരിന്റെ ദൗര്‍ബല്യവും അസ്ഥിരതയും വര്‍ധിച്ചുവരുന്നതിനാല്‍ കരാറില്‍ വിശ്വാസമര്‍പ്പിക്കുന്നില്ലെന്നും മേയുടെ കരാറിനെ തുടര്‍ന്നും എതിര്‍ക്കുമെന്നും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന് പറഞ്ഞു. ചര്‍ച്ചയില്‍ പരിഹാരമാവാത്തത് ജൂണില്‍ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ വീണ്ടും കരാര്‍ അവതരിപ്പിക്കാനൊരുങ്ങുന്ന മേക്ക് തിരിച്ചടിയായി.
ബ്രെക്സിറ്റ് വിഷയത്തില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്നതില്‍ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയാകാത്തതാണ് ചര്‍ച്ച പരാജയപ്പെടാനിടയാക്കിയതെന്നും കരാര്‍ പാര്‍ലമെന്റംഗങ്ങളുടെ തീരുമാനത്തിനു വിടുകയെന്നതാണ് ഇനി മുന്‍പിലുള്ളതെന്നും മേ പറഞ്ഞു.
മൂന്നുതവണയും കരാര്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജൂണില്‍ നടക്കുന്ന വോട്ടെടുപ്പ് കഴിയുന്നതോടെ മേ രാജിവയ്ക്കും. ബ്രെക്സിറ്റ് നടപ്പാക്കാനുള്ള നാലാമത്തെയും അവസാനത്തെയും ബില്ലാണ് ജൂണ്‍ മൂന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. എന്നാല്‍ കരാറിനെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ തീരുമാനം. ബ്രെക്സിറ്റ് വിഷയത്തില്‍ ഹിതപരിശോധന നടത്തണമെന്ന് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് തെരേസ മേ. ബ്രെക്സിറ്റ് നടപ്പാക്കാന്‍ ഒക്ടോബര്‍ 31 വരെ യൂറോപ്യന്‍ യൂനിയന്‍ ബ്രിട്ടന് സമയം അനുവദിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ബില്‍ തള്ളുന്നതോടെ ഉപാധികളില്ലാതെ ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോവേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."