രണ്ടരലക്ഷം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായി യു.എന്‍
ജനീവ: ബംഗ്ലാദേശിലുള്ള 2,50,000 റോഹിംഗ്യ മുസ്‌ലിംകള്‍ക്ക് ബംഗ്ലാദേശ് അധികൃതര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായി യു.എന്‍.
ഭാവിയില്‍ മാതൃരാജ്യമായ മ്യാന്മറിലേക്കു പോവുന്നതിന്റെ ആദ്യപടിയായാണിത്. മനുഷ്യക്കടത്തിനെ പ്രതിരോധിക്കുന്നതിനാണ് ഇവര്‍ക്ക് കാര്‍ഡ് നല്‍കിയതെന്നും യു.എന്‍ വ്യക്തമാക്കി.
2017ല്‍ 7,40,000 റോഹിംഗ്യരാണ് മ്യാന്മര്‍ സൈന്യത്തിന്റെ സഹായത്തോടെ നടന്ന കൂട്ടക്കുരുതിയെ തുടര്‍ന്ന് ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്. എന്നാല്‍ അതിനു മുന്‍പ് തന്നെ അഭയം തേടി വന്ന മൂന്നുലക്ഷം റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളിലുണ്ട്.
ഇവരില്‍ പലരും കൂട്ട ബലാത്സംഗത്തിനിരയായവരാണ്. മ്യാന്മറില്‍ നടന്ന കൂട്ടക്കുരുതികളെയും മാനഭംഗങ്ങളെയും കുറിച്ച് ഇവര്‍ വിശദമാക്കുന്നു.
ആസൂത്രിതമായ വംശഹത്യയാണവിടെ നടന്നതെന്നാണിതു വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഒന്‍പതു ലക്ഷം അഭയാര്‍ഥികള്‍ ബംഗ്ലാദേശിലുണ്ടെന്നാണ് യു.എന്‍ പറയുന്നത്. ഇവരില്‍ ഭൂരിഭാഗവും തലമുറകളായി മ്യാന്മറില്‍ ജീവിച്ചിരുന്നവരാണ്.
12 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയിട്ടുള്ളത്. 60,000 കുടുംബങ്ങളെ ഇതിനകം രജിസ്റ്റര്‍ ചെയ്തതായി യു.എന്‍ അഭയാര്‍ഥി വിഭാഗം ഉദ്യോഗസ്ഥന്‍ മഹസിസ് പറഞ്ഞു.
അഭയാര്‍ഥികളെ കടത്തിക്കൊണ്ടുപോവാന്‍ ശ്രമിച്ച രണ്ടുപേരെ ബംഗ്ലാദേശ് പൊലിസ് ഈയാഴ്ച വെടിവച്ചു കൊന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."