ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കൂടുതല്‍ കഠിനമാകും
തിരുവനന്തപുരം: പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നതോടെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കൂടുതല്‍ കഠിനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാവുന്ന പിഴവുകള്‍ മനസിലാക്കുന്നതിന് മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞുകൊണ്ട് വാഹനം ഓടിക്കുന്നതാണ് പുതിയ പരിഷ്‌കാരത്തിലെ ഒരു മാറ്റം.
കണ്ണുകളുടെയും നിരീക്ഷണത്തിന്റെയും ക്ഷമത പരിശോധിക്കുകയെന്നതാണ് മോട്ടോര്‍ വാഹനവകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പിഴവുകള്‍ വരുത്തുന്നവരെ ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെടുത്തും. വാഹനം നിര്‍ത്തുന്നതിനായി ക്ലച്ച് ചവിട്ടിയ ശേഷം ബ്രേക്ക് ചെയ്യുന്ന രീതിയിലും മാറ്റംവരുത്തും. പകരം പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിനു പ്രാധാന്യം നല്‍കും.
വാഹനം നിര്‍ത്തുന്നതിനു മുന്‍പ് ആദ്യം ക്രമാനുഗതമായി ബ്രേക്കും തുടര്‍ന്നു ക്ലച്ചും അമര്‍ത്തുന്നതാണ് പുതിയ രീതി. ഇത് വാഹനത്തിന്റെ പ്രവര്‍ത്തനത്തിനും കാര്യക്ഷമതയ്ക്കും കൂടുതല്‍ ഗുണംചെയ്യുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ രീതി പ്രോത്സാഹിപ്പിക്കുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
കണ്ണാടി നോക്കി വാഹനം ഓടിക്കാനുള്ള കഴിവും പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി പരിശോധിക്കും. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ 3,500 ഓളം ഡ്രൈവിങ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും എം.വി.ഐമാര്‍ക്കും അഞ്ചുദിവസത്തെ ശാസ്ത്രീയ പരിശീലനം നല്‍കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കോഴ്‌സ് കഴിഞ്ഞവര്‍ക്ക് കടും നീല ഓവര്‍കോട്ടും ബാഡ്ജും നല്‍കും. ഡ്രൈവിങ് പരിശീലിപ്പിക്കുമ്പോള്‍ ഈ ഓവര്‍കോട്ടും ബാഡ്ജും ധരിച്ചിരിക്കണമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. 6,000 രൂപയാണ് ഈ പരിശീലനത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ്.
ഇതില്‍ 3,000 രൂപ റോഡ് സുരക്ഷാ നിധിയില്‍ നിന്ന് നല്‍കും. പുതിയ തീരുമാനം വരുന്നതോടെ ലൈസന്‍സിന് അപേക്ഷിക്കുന്നയാള്‍ വാഹനം ഓടിക്കാന്‍ പൂര്‍ണമായി പഠിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."