ട്രംപിന് കൊവിഡ്; റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആശങ്കയില്‍
വാഷിങ്ടണ്‍: തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ പ്രസിഡന്റ് ട്രംപിന് കൊവിഡ് മഹാമാരി ബാധിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലായി. ഇതോടെ ട്രംപ് പങ്കെടുക്കേണ്ട റാലികള്‍ മാറ്റിവയ്ക്കുകയോ ഓണ്‍ലൈനായി നടത്തുകയോ ചെയ്യുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചാരണ വിഭാഗം അറിയിച്ചു. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മേധാവി ബില്‍ സ്റ്റെപിയനും വൈറസ് ബാധിച്ചിട്ടുണ്ട്.
74കാരനായ ട്രംപിന് പനിയും ശ്വാസതടസവുമുള്ളതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ഗുരുതരമാവുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരാളെ മല്‍സരിപ്പിക്കുന്നത് സംബന്ധിച്ചും പാര്‍ട്ടിയില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. വൈസ് പ്രസിഡന്റ് മൈക് പെന്‍സിനെയാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പകരക്കാരനായി ഉയര്‍ത്തിക്കാട്ടുന്നത്. മൈക് പെന്‍സ്, സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ എന്നിവര്‍ക്ക് വൈറസ് ബാധിച്ചില്ലെന്നു പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും കൊവിഡ് നെഗറ്റീവാണ്. വെള്ളിയാഴ്ചയാണ് ട്രംപിനു കൊവിഡ് സ്ഥിരീകരിച്ചത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എനിക്കും ഭാര്യ മെലാനിയക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്, തങ്ങള്‍ ക്വാരന്റൈനില്‍ പ്രവേശിക്കുകയാണഅ എന്ന് ട്രംപ് അറിയിച്ചിരുന്നു. പനിയും ശ്വസന തടസവും നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്‌സ്. ട്രംപിനും ഭാര്യക്കും വാക്‌സിന്‍ നല്‍കാമെന്ന് റഷ്യയിലെ വാക്‌സിന്‍ നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്‌തെങ്കിലും വൈറ്റ്ഹൗസ് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രംപിനും പത്‌നിക്കും രോഗമുക്തി ആശംസിച്ച് ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തുടങ്ങി നിരവധി ലോകനേതാക്കള്‍ സന്ദേശമയച്ചു.
യു.എസില്‍ രണ്ടു ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും സമ്പദ്‌വ്യവസ്ഥ തകരുകയും ചെയ്തിട്ടും പ്രസിഡന്റ് മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ട നടപടികളെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്. ട്രംപിന് കൊവിഡ് ബാധിച്ചതായ വാര്‍ത്ത ഓഹരി വിപണിയെ സാരമായി ബാധിച്ചു. ഏഷ്യയിലുള്‍പ്പെടെ ഓഹരിവിപണികള്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ട്രംപ് ലോക്ഡൗണിനെ എതിര്‍ക്കുമ്പോള്‍ വേണ്ടിവന്നാല്‍ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന നിലപാടുകാരനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ എതിരാളി ജോ ബൈഡന്‍. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോയ്ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇരുവരും പിന്നീട് രോഗമുക്തരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."