ഇന്നലെ ഹത്രാസ്; ഇന്നു പഞ്ചാബ് പ്രക്ഷോഭം നയിച്ച് രാഹുല്‍
കാര്‍ഷിക നിയമത്തിനെതിരേ രാഹുല്‍ നയിക്കുന്ന ട്രാക്ടര്‍ റാലി ഇന്നും നാളെയും
ചണ്ഡിഗഢ്: വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും പ്രതിസന്ധി സൃഷ്ടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വീണ്ടും ജനക്കൂട്ടത്തിനിടയിലേക്ക്. ഇന്നലെയും കഴിഞ്ഞ ദിവസവും പ്രിയങ്കാ ഗാന്ധിക്കൊപ്പം ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കു തിരിച്ച രാഹുല്‍ഗാന്ധി വന്‍ തോതില്‍ ജനകീയ പിന്തുണ നേടിയതിനു പിന്നാലെ ഇന്നും നാളെയും ട്രാക്ടര്‍ റാലി നയിക്കാന്‍ പഞ്ചാബിലെത്തുകയാണ്. കാര്‍ഷിക നിയമത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷകപ്രക്ഷോഭങ്ങള്‍ക്കു വലിയ ശക്തിപകരുന്ന നീക്കത്തിനാണ് ഇന്നു പഞ്ചാബില്‍ തുടക്കം കുറിക്കുക.
ഇന്നലെ മുതലായിരുന്നു പഞ്ചാബില്‍ രാഹുലിന്റെ ട്രാക്ടര്‍ റാലി തീരുമാനിച്ചിരുന്നതെങ്കിലും ഹത്രാസ് യാത്രയെത്തുടര്‍ന്ന് ഇത് ഇന്നത്തേയ്ക്കു മാറ്റുകയായിരുന്നു. ഇന്നു രാവിലെ പതിനൊന്നിനാണ് യാത്ര ആരംഭിക്കുന്നതെന്നാണ് വിവരം. രണ്ടു ദിവസംകൊണ്ട് 50 കിലോമീറ്റര്‍ പര്യടനം നടത്തുന്ന ഈ ട്രാക്ടര്‍ റാലിയില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അടക്കമുള്ള മന്ത്രിമാരും കോണ്‍ഗ്രസ്, കര്‍ഷക നേതാക്കളും പങ്കെടുക്കും. ഇതിനു ശേഷം പൊതുയോഗവും നടക്കുമെന്നാണ് വിവരം. പഞ്ചാബിലെ പ്രക്ഷോഭത്തിനു പിന്നാലെ ഹരിയാനയിലും വിവിധ പ്രക്ഷോഭ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. ഇതോടെ, കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരേ രജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിവാദ രീതിയില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ ദിവസങ്ങള്‍ക്കകം തന്നെ രാഷ്ട്രപതി ഒപ്പുവച്ചിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ശിരോമണി അകാലിദള്‍ കേന്ദ്രമന്ത്രിസഭയില്‍നിന്നു മന്ത്രിയെ പിന്‍വലിക്കുകയും പിന്നാലെ എന്‍.ഡി.എ വിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."