വരുന്നൂ ഇനി കാണാനും കേള്‍ക്കാനും കഴിയുന്ന ഹൈടെക് പാഠപുസ്തകങ്ങള്‍
ഒറ്റപ്പാലം: സ്‌കൂള്‍ പാഠ പുസ്തകങ്ങള്‍ കാണാനും കേള്‍ക്കാനും കഴിയുന്ന കാലം വിദൂരമല്ല. വായിക്കുന്നതിനൊപ്പം കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കുന്ന ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുത്തി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് (എസ് സി ഇ ആര്‍ ടി) സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി.പ ാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ശബ്ദങ്ങളും ക്യൂ.ആര്‍ കോഡ് രൂപത്തിലാക്കി പാഠപുസ്തകങ്ങളില്‍ അച്ചടിക്കും. ഒരു സ്മാര്‍ട്ട് ഫോണിലെ സഹായത്തോടെ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ദൃശ്യങ്ങളും വീഡിയോകളും കാണാം. മൊബൈല്‍ ഫോണില്‍ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമിലെ എല്‍സിഡി പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യാം.
കുട്ടിക്ക് അമൂര്‍ത്തമായ ആശയങ്ങള്‍ മൂര്‍ത്ത ഭാവത്തില്‍ അവതരിപ്പിക്കാന്‍ ഇതുമൂലം കഴിയും. വിദ്യാര്‍ഥിക്ക് ലഭിക്കുന്ന ഈ നേരനുഭവം എന്നും മനസ്സില്‍ തങ്ങിനില്‍ക്കും. അന്ധ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാവും.വിദ്യാഭ്യാസരംഗത്ത് അനന്തസാധ്യതകള്‍ തുറന്നിടുന്ന ഈ നൂതനാശയം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒറ്റപ്പാലം മനിശ്ശീരി പനയംകണ്ടത് മഠത്തില്‍ ബാലകൃഷ്ണന്‍ തൃക്കങ്ങോട് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തിന് ഉള്ള മറുപടിയിലാണ് എസ്.ഇ.ആര്‍.ടി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തൊട്ടാകെ മാതൃകയാകുന്ന വിധത്തില്‍ ജീവനുള്ള പാഠപുസ്തകങ്ങള്‍ എന്ന ആശയം കേരളത്തിലെ പാഠപുസ്തകങ്ങളിലൂടെ യാണ് ആദ്യം വരേണ്ടത് എന്ന ആഗ്രഹം പ്രകടിപ്പിച്ചും ഇതിനായി നൂതനസംവിധാനം ഉള്‍പ്പെടുത്തി നമ്മുടെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ് കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തൃക്കങ്ങോട് ബാലകൃഷ്ണന്‍ മാസ്റ്റര്‍ സര്‍ക്കാറിന് നിവേദനം നല്‍കിയത്. നേരത്തെ ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത് ആലത്തൂര്‍ കാവശ്ശേരി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കൂടിയായ ബാലകൃഷ്ണന്‍ തൃക്കങ്ങോട് സര്‍ക്കാറിന് നല്‍കിയ നിവേദനത്തിന് അടിസ്ഥാനത്തിലായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹത്തിന് 2018ലെ വനമിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ധനമന്ത്രി, സാംസ്‌കാരികമന്ത്രി, കൃഷി മന്ത്രി എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."