സപ്ലൈകോ പെട്രോള്‍ പമ്പുകളില്‍ വന്‍ ക്രമക്കേട്
തിരുവനന്തപുരം: വിജിലന്‍സ് പരിശോധനയില്‍ സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ പണമിടപാട് സംബന്ധിച്ച് വന്‍ ക്രമക്കേട് കണ്ടെത്തി. തിരുവനന്തപുരത്തെ വെള്ളയമ്പലം, ഉള്ളൂര്‍, സ്റ്റാച്യു പമ്പുകളിലെ പണമിടപാടിലാണ് വീഴ്ച കണ്ടെത്തിയത്. സ്വെയ്പിങ് മെഷിന്‍ വഴി നടക്കുന്ന ഇടപാടിലെ തുക അതത് ബാങ്കുകള്‍ മൂന്നു ദിവസത്തിനുള്ളില്‍ സപ്ലൈകോയുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഒരു സ്വകാര്യ ബാങ്ക് ആറുമാസമായി തുക അക്കൗണ്ടിലേക്ക് നല്‍കിയിട്ടില്ല.
ഉള്ളൂര്‍ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ലഭിച്ച ഒരു കോടി 37 ലക്ഷം രൂപ ഉള്‍പ്പെടെ ഒരു കോടി 66 ലക്ഷം രൂപയാണ് ഈ ബാങ്ക് സപ്ലൈകോയ്ക്ക് കൈമാറാനുള്ളത്. പലിശ സഹിതം പണം ഈടാക്കണമെന്ന് വിജിലന്‍സ് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇത്രയും തുക ആഴ്ചകളും മാസങ്ങളുമായിട്ടും അക്കൗണ്ടിലെത്താതിരുന്ന കാര്യം സപ്ലൈകോ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് അറിഞ്ഞില്ലെന്നാണ് വിജിലന്‍സിന്റെ ചോദ്യം.
പമ്പ് ചുമതലക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും വിജിലന്‍സ് പറയുന്നു. പരിശോധനയെ തുടര്‍ന്ന് സ്വകാര്യ ബാങ്ക് പണം സപ്ലൈകോയുടെ ബാങ്കിന് കൈമാറിയെങ്കിലും ആറു മാസം പണം കൈവശം വച്ചതിനുള്ള പലിശ നല്‍കിയിട്ടില്ല. ഈ പമ്പുകളുടെ ചുമതലക്കാര്‍ക്ക് സപ്ലൈകോ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."