സ്വര്‍ണ വ്യാപാരിയെ കത്തികാട്ടി മര്‍ദിച്ച് 8 ലക്ഷം രൂപയുടെ മുതലുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍
പാലക്കാട്: സ്വര്‍ണ വ്യാപാരിയെ ബൈക്കിലെത്തിയ മൂവര്‍ സംഘം കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും, മര്‍ദിച്ചും നാല് ലക്ഷം രൂപയും 140 ഗ്രാം സ്വര്‍ണവും കൊള്ളയടിച്ച സംഭവത്തില്‍ സംഘത്തലവന്‍ ഉള്‍പ്പെടെ നാലുപേരെ പാലക്കാട് ടൗണ്‍ നോര്‍ത് പൊലീസ് അറസ്റ്റു ചെയ്തു. ഒറ്റപ്പാലം, മനിശ്ശേരി, മിഥുലാ വിഹാറില്‍ മിഥുന്‍ (25), കണ്ണിയംപുറം ചാത്തന്‍ പ്ലാക്കല്‍ വീട്ടില്‍ വിഷ്ണു എന്ന സല്‍മാന്‍ (21), ഈസ്റ്റ് ഒറ്റപ്പാലം പടിഞ്ഞാറ്റേതില്‍ മുഹമ്മദ് അഫ്‌സല്‍ (24), കണ്ണിയം പുറം, കോണിക്കല്‍ വീട്ടില്‍ ശൗരി ദേവ് (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഈ മാസം മൂന്നാം തിയ്യതി പുലര്‍ച്ചെ 1.30 മണിക്ക് മേപ്പറമ്പ്, ഉണ്ണിരാംകുന്നില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വര്‍ണ വ്യാപാരിയായ മേപ്പറമ്പ് സ്വദേശി അബ്ദുള്‍ സലാം പുലാമന്തോളില്‍ നിന്നും വാങ്ങിയ സ്വര്‍ണാഭരണങ്ങളും, പണവുമായി പുലര്‍ച്ചെ പാലക്കാട് കെ.എസ്്്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി, മുന്‍ പരിചയക്കാരനായ മിഥുന്‍ എന്നയാളുടെ കാറില്‍ മേപ്പറമ്പ് ടൗണില്‍ ഇറങ്ങിയ ശേഷം സുഹൃത്തിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ മാപ്പിളക്കാട് റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോള്‍ ഉണ്ണിരാം കുന്ന് എന്ന സ്ഥലത്തെത്തിയപ്പോള്‍ പുറകില്‍ ബൈക്കിലെത്തിയ മൂവര്‍ സംഘം ബൈക്ക് മുന്നിലിട്ട് തടഞ്ഞു നിര്‍ത്തി കത്തികാണിച്ച് മര്‍ദ്ദിക്കുകയും, ബാഗിലുണ്ടായിരുന്ന സ്വര്‍ണവും, പണവും കവര്‍ച്ച നടത്തി രക്ഷപ്പെടുകയുമായിരുന്നു.
പിന്നീട് ടൗണ്‍ നോര്‍ത് പൊലീസില്‍ പരാതിപ്പെടുകയും, കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ഇതിനു പിന്നില്‍ പരാതിക്കാരന്റെ സുഹൃത്ത് മിഥുന്‍ ആണെന്ന് മനസ്സിലായത്. പിന്നീട് മിഥുനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിലാണ് കേസിന്റെ ചുരുളഴിഞ്ഞത്, മിഥുനും സുഹൃത്തുക്കളു ചേര്‍ന്ന് തയ്യാറാക്കിയ കവര്‍ച്ചാപദ്ധതിയായിരുന്നു. കൂട്ടു പ്രതികളെ ഒറ്റപ്പാലം ഭാഗത്തു നിന്നും കസ്റ്റഡിയിലെടുക്കുകയും, കളവു മുതലുകള്‍ മുഴുവന്‍ പ്രതികളുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ഒന്നാം പ്രതി മിഥുന് റെന്റ് എ കാര്‍ പാടിയാണ്, കൂട്ടു പ്രതികളായ വിഷ്ണുവിന് നേരത്തെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ കളവ്, കൊലപാതകശ്രമം എന്നീ കേസ്സുകള്‍ നിലവിലുണ്ട്, ശൗരിദേവിനും, അഫ്‌സലിനും ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസ്സുകളും നിലവിലുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറും , ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.നടപടിക്രമങ്ങള്‍ക്കു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാലക്കാട് ഡി.വൈ.എസ്.പി ജി.ഡി വിജയകുമാര്‍, ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ,സി. അലവി,എസ്.ഐആര്‍ രഞ്ജിത്ത്, നന്ദകുമാര്‍ , ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കിഷോര്‍, സുനില്‍, അഹമ്മദ് കബീര്‍, വിനീഷ്, രാജീദ്, സുരേഷ് കുമാര്‍ , സതീഷ്, . സന്തോഷ് കുമാര്‍, ഒറ്റപ്പാലം പൊലിസ് സ്റ്റേഷനിലെ രവികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."