മോറിസ് കോയിന്റെ പേരില്‍ വന്‍ നിക്ഷേപം: ഇ.ഡി അന്വേഷണത്തിന് ശുപാര്‍ശ
കോഴിക്കോട്: മോറിസ് കോയിന്റെ പേരില്‍ അനധികൃതമായി വന്‍ നിക്ഷേപം സ്വീകരിച്ച എല്‍.ആര്‍ ടെക്‌നോളജീസ് കമ്പനിക്കെതിരേ അന്വേഷണം ഊര്‍ജിതം. കമ്പനി എം.ഡി നിഷാദ് കിളിയിടുക്കിലിന്റെ രണ്ട് അക്കൗണ്ടുകളിലായി 500 കോടിയിലേറെ രൂപയുടെ നിക്ഷേപം വന്നെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് പൊലിസ് ശുപാര്‍ശ നല്‍കി. വന്‍ നിക്ഷേപത്തെക്കുറിച്ച് റിസര്‍വ് ബാങ്കിനും വിവരം കൈമാറിയിട്ടുണ്ട്.
രജിസ്‌ട്രേഷന്‍ ആക്ട് ലംഘിക്കപ്പെട്ടതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം പരിശോധിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിനോടും ആവശ്യപ്പെട്ടതായി പൂക്കോട്ടുംപാടം സി.ഐ പി. വിഷ്ണു പറഞ്ഞു. കമ്പനിയില്‍ പണം നിക്ഷേപിച്ച ചിലര്‍ രേഖാമൂലം പരാതി നല്‍കിയതായി പൊലിസ് അറിയിച്ചു.
കമ്പനി ഉടമ നിഷാദിനെ അടുത്തദിവസം തന്നെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ചോദ്യംചെയ്യലിന് ഹാജരാകേണ്ടിവരുമെന്ന് പൊലിസ് നിഷാദിനെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒന്‍പതുമാസത്തിനിടെ രണ്ട് അക്കൗണ്ടുകളിലായി വന്ന 500 കോടിയിലേറെയുള്ള പണം നിഷാദ് പല അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ തുകയൊന്നും ഇതുവരെ പിന്‍വലിച്ചിട്ടില്ല. ആയിരക്കണക്കിന് അക്കൗണ്ടുകളിലാണ് ഈ തുകകള്‍ എത്തിയത്. മറ്റ് അക്കൗണ്ടുകളും പൊലിസ് പരിശോധിച്ചുവരികയാണ്. രണ്ടാഴ്ചയായി ലാഭവിഹിതം വരുന്നില്ലെന്ന് പരാതിയുമായി നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്.
പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിങ്) ആക്ട് പ്രകാരം ചൊവ്വാഴ്ചയാണ് എല്‍.ആര്‍ ടെക്‌നോളജീസിന്റെ പേരില്‍ പൂക്കോട്ടുംപാടം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആരും പരാതി നല്‍കാത്തതിനെ തുടര്‍ന്ന് പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്നാല്‍, അന്വേഷണം തുടങ്ങിയതോടെ പരാതി നല്‍കാന്‍ നിക്ഷേപകര്‍ മുന്നോട്ടുവരുന്നുണ്ട്.
അതിനിടെ, സംശയവും ആശങ്കയും ഉള്ളവര്‍ക്ക് നിക്ഷേപം തിരിച്ചുവാങ്ങാമെന്ന് കഴിഞ്ഞദിവസവും നിഷാദ് ആവര്‍ത്തിച്ചു. പണം പിന്‍വലിക്കാനുള്ള അവസരം ഈ മാസം 10 വരെ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും നിഷാദ് ഇടപാടുകാര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. നിക്ഷേപ പദ്ധതിക്കെതിരേ സംശയം ഉന്നയിക്കുന്നവരെ പ്രലോഭിപ്പിക്കാനും ഭീഷണിപ്പെടുത്താനും നീക്കമുണ്ട്. പൊലിസ് അന്വേഷണം ശ്രദ്ധയില്‍പ്പെട്ടതോടെ നിക്ഷേപതുക മുഴുവനായി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്. അത്തരക്കാര്‍ക്ക് റീഫണ്ട് ഓപ്ഷന്‍ അടിച്ച് പുറത്തുപോകാമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. എന്നാല്‍, റീഫണ്ട് ഓപ്ഷന്‍ കൊടുക്കാനാകാതെ ഇടപാടുകാര്‍ കുഴങ്ങിയിരിക്കുകയാണ്. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണമെന്ന സന്ദേശമാണ് നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.
കമ്പനിക്കെതിരേ പൊലിസിന് പുറമെ റിസര്‍വ് ബാങ്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും അന്വേഷണം നടത്തുന്നതോടെ നിക്ഷേപപദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവന്നേക്കും. നിക്ഷേപ പദ്ധതിയുടെ തുടക്കംമുതല്‍ നിഷാദിനെ സഹായിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ചിലരിലേക്കും അന്വേഷണം നീളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."