ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു: ബസറയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തീയിട്ടു
ബഗ്ദാദ്: മോശപ്പെട്ട പൊതുസേവനത്തില്‍ പ്രതിഷേധിച്ച് ഇറാഖില്‍ ജനങ്ങള്‍ പ്രക്ഷോഭത്തില്‍. നാലാം ദിവസം രാത്രിയും തുടര്‍ന്ന പ്രക്ഷോഭത്തിനിടെ ബസറിയിലുള്ള സര്‍ക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകള്‍ക്ക് തീയിട്ടു.
ദക്ഷിണ ഇറാഖിയന്‍ നഗരമായ ബസറയിലാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി ഇറങ്ങുകയും സുരക്ഷാ സേന തടയാന്‍ ശ്രമിക്കുകയും ചെയ്തതോടെ സംഘര്‍ഷമുണ്ടായി.
അക്രമത്തിനിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി ഇറാഖ് മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞു. സെപ്റ്റംബര്‍ മൂന്നിനു തുടങ്ങിയ പ്രക്ഷോഭത്തിനിടെ ഇതുവരെ മരിച്ചവരുടെ എണ്ണം 11 ആയി.
സര്‍ക്കാര്‍ ഓഫിസ്, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇറാഖിയ്യ ടി.വിയുടെ ഓഫിസ്, ഭരണകക്ഷികളായ ദഅ്‌വ പാര്‍ട്ടി, സുപ്രിം ഇസ്‌ലാമിക് കൗണ്‍സില്‍, ബദര്‍ ഓര്‍ഗനൈസേഷന്‍ എന്നിവരുടെ ഓഫിസ് എന്നിവയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.
ശക്തരായ ശീഈ സായുധ സേനയായ അസൈബ് അഹലുല്‍ ഹഖ്, ഹിക്മ മൂവ്‌മെന്റ് എന്നിവരുടെ ഓഫിസുകളും പ്രതിഷേധക്കാര്‍ കത്തിച്ചിട്ടുണ്ട്. പ്രവിശ്യാ കൗണ്‍സില്‍ തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെട്ടിടവും അഗ്നിക്കിരയാക്കി.
കുടിവെള്ളമടക്കം സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ കടുത്ത പ്രശ്‌നമാണ് ഇറാഖിലിപ്പോള്‍. മാലിന്യം നിറഞ്ഞ് വെള്ളം വിതരണം ചെയ്തതിനാല്‍ 30,000 പേര്‍ കഴിഞ്ഞ ജൂലൈയില്‍ ആശുപത്രിയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."