ആള്‍മാറാട്ടം: രണ്ട് അധ്യാപകര്ക്കെതിരേ ലുക്കൗട്ട് നോട്ടിസ്
മുക്കം: നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തില്‍ പ്രതികളായ രണ്ട് അധ്യാപകര്ക്കെതിരേ മുക്കം പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കുട്ടികളുടെ പരീക്ഷ എഴുതിയ നിലേശ്വരം സ്കൂളിലെ അധ്യാപകനും പരീക്ഷയുടെ അഡീഷനല്‍ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി. മുഹമ്മദ്, ചേന്നമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനും ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരേയാണ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാല് മണിയോടെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ നിലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ കെ. റസിയക്ക് പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടില്ല. നിഷാദ് വി. മുഹമ്മദ്, പി.കെ ഫൈസല്‍ എന്നിവര്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 23ലേക്ക് മാറ്റിവച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് തന്നെ ഇവരെ അറസ്റ്റ് ചെയ്യാനാണ് പൊസിന്റെ നീക്കം. കോഴിക്കോട് റൂറല്‍ എസ്.പി, താമരശ്ശേരി ഡിവൈ.എസ്.പി എന്നിവരുടെ മേല്‍നോട്ടത്തില്‍ മുക്കം സി.ഐ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേ സമയം വിദ്യാര്‍ഥികളുടെ പരീക്ഷയെഴുതിയ നിഷാദ് വി. മുഹമ്മദിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."