വനിതാ ലോകകപ്പ്: അണിഞ്ഞൊരുങ്ങി പെണ്‍പട; 19-ാം നാള് പന്തുരുളും
പാരിസ്: റഷ്യയിലെ നേട്ടത്തിന്റെ ആഘോഷം അവസാനിക്കുന്നതിന് മുന്‍പേ ഫ്രാന്‍സ് വീണ്ടും കാല്പന്താരവത്തിലേക്ക്. ജൂണ്‍ ഏഴിന് എട്ടാമത് വനിതാ ലോകകപ്പിന് ഫ്രാന്‍സില്‍ പന്തുരുളും. കാല്പന്തു കളിയെ നെഞ്ചേറ്റുന്ന ഫ്രഞ്ച് മണ്ണില്‍ പെണ്പടയോട്ടത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. കളത്തിലിറങ്ങുന്ന രാജ്യങ്ങള്‍ മൈതാനത്തിറക്കേണ്ട സംഘത്തെ രാകിമിനുക്കുന്ന തിരക്കിലാണ്. ജൂണ്‍ ഏഴിന് ആതിഥേയരായ ഫ്രാന്‍സും ദക്ഷിണ കൊറിയയും തമ്മിലുള്ള ആദ്യ മത്സരത്തോടെ ജൂലൈ ഏഴിലെ ഫൈനല്‍ മത്സരം വരേയുള്ള വനിതാ ലോകകപ്പിന് തുടക്കമാകും.
ആറു ഗ്രൂപ്പുകളിലായി 24 രാജ്യങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. ഏഴു ലോകകപ്പുകളില്‍ മൂന്നു തവണ ചാംപ്യന്മാരായ അമേരിക്കയും രണ്ടു തവണ ചാംപ്യന്മാരായ ജര്‍മനിയും ഓരോ തവണ കപ്പില്‍ മുത്തമിട്ട ജപ്പാനും നോര്‍വേയും അവസാന 23 അംഗസംഘത്തെയും പ്രഖ്യാപിച്ച് നേട്ടങ്ങളുടെ എണ്ണം കൂട്ടാന്‍ ഇതിനകം സജ്ജരായിട്ടുണ്ട്. ഇവര്‍ക്ക് പുറമേ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ, ബ്രസീല്‍, ഇംഗ്ലണ്ട്, സ്കോട്ട്ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്‍ഡ്, സ്വീഡന് എന്നീ ടീമുകളും അവസാന സംഘത്തെ പ്രഖ്യാപിച്ചു. സ്പെയിന് നാളെ ടീമിനെ പ്രഖ്യാപിക്കും. നൈജീരിയ, ചൈന, ഇറ്റലി, ജമൈക്ക, അര്‍ജന്റീന, കാനഡ, കാമറൂണ്‍, തായ്ലാന്ഡ്, ചിലി എന്നിവരാണ് ഇനി അന്തിമ സംഘത്തെ പ്രഖ്യാപിക്കാനുള്ളത്. മെയ് 24നാണ് ഫ്രാന്‍സിലേക്കുള്ള സംഘത്തെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസം.
ആസ്ത്രേലിയ ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, തായ്ലാന്ഡ് തുടങ്ങിയവരാണ് ടൂര്‍ണമെന്റിലെ ഏഷ്യന്‍ പ്രതിനിധികള്‍. 2011ല്‍ ജേതാവും 2015ല്‍ റണ്ണേഴ്സുമായ ജപ്പാനും 99ല്‍ ഫൈനലില്‍ അമേരിക്കയോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടങ്ങിയ ചൈനയും ദക്ഷിണ കൊറിയയുമാണ് ഏഷ്യന്‍ പ്രതീക്ഷകള്‍. നാലു രാജ്യങ്ങളാണ് ഇത്തവണ ലോക വേദിയില്‍ കന്നിയങ്കത്തിനിറങ്ങുന്നത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ചിലി, കോണ്‍കാഫ് പ്രതിനിധി ജമൈക്ക, യൂറോപ്പില്‍ നിന്നുള്ള സ്കോട്ട്ലാന്‍ഡ്, ആഫ്രിക്കയില്‍ നിന്ന് ദക്ഷിണാഫ്രിക്ക എന്നിവരാണ് കന്നിയങ്കത്തിനിറങ്ങുന്നത്. പുരുഷ വിഭാഗം കിരീട നേട്ടത്തിന്റെ ആവേശം ഇനിയും അവസാനിക്കാത്ത ഫ്രാന്‍സില്‍ ജൂണ്‍ ഏഴിന് പെണ്‍പടയോട്ടം ആരംഭിക്കുന്നതോടെ ഫുട്ബോള്‍ ലോകം ഫ്രഞ്ച് മണ്ണിലെ ഒന്‍പത് നഗരങ്ങളിലെ മൈതാനങ്ങളിലേക്ക് ചുരുങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."