അനാഥാലയങ്ങളിലെ കഞ്ഞിയില്‍ മണ്ണിട്ട് സര്‍ക്കാര്‍: സൗജന്യ അരി നിര്‍ത്തലാക്കി; ഗോതമ്പിനു വിലകൂട്ടി
മലപ്പുറം: സംസ്ഥാനത്ത് അനാഥാലയങ്ങള്‍ക്ക് അരി സൗജന്യമായി വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കി സിവില്‍ സപ്ലൈസ് വകുപ്പ്.
ഓര്‍ഫനേജ് കണ്ട്രോള് ബോഡില്‍ രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് അഞ്ചു കിലോ വീതം അരി സൗജന്യമായും ഗോതമ്പ് കിലോക്ക് രണ്ടു രൂപ നിരക്കിലും നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞമാസം മുതല്‍ അരി കിലോഗ്രാമിനു 5.65 രൂപ നിരക്കിലും ഗോതമ്പ് കിലോ ഗ്രാമിനു 4.15 രൂപ നിരക്കിലും അടയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രം ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്താല്‍ മതിയെന്നാണ് വകുപ്പ് ഡയറക്ടര്‍ ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
പുതിയ തീരുമാനം സംസ്ഥാനത്തെ ആയിരക്കണക്കിന് അനാഥാലയങ്ങള്ക്കാണ് തിരിച്ചടിയായത്.
നിലവില്‍ ഓര്‍ഫനേജ് കണ്ട്രോള് ബോഡില്‍ രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങള്‍ റേഷന്‍ പെര്മിറ്റുവഴി അതാതു ഡിപ്പോകളില്‍നിന്നു വെല്‍ഫയര്‍ സ്കീം പ്രകാരമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കൈപറ്റുകയായിരുന്നു ചെയ്തിരുന്നത്. വെല്‍ഫയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ഹോസ്റ്റല്‍ സ്കീം പ്രകാരമായിരുന്നു പദ്ധതി. അനാഥാലയങ്ങള്ക്കിതു വലിയ ആശ്വാസവുമായിരുന്നു.
പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ മറ്റ് അവശ്യ സാധനങ്ങള്‍ കൂടി സബ്സിഡി നിരക്കില്‍ സ്കീമില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള നിവേദനവും സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. അനാഥാലയങ്ങളുടെ ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നു പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് വില ഈടാക്കുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് ഗവണ്മെന്റിന്റെ കാലത്താണ് സംസ്ഥാനത്തെ അനാഥാലയങ്ങളിലെ അയ്യായിരത്തിലേറെ വരുന്ന അന്തേവാസികളെ ബി.പി.എല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ആനുകൂല്യങ്ങള്‍ക്ക് അര്ഹരാക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."