HOME
DETAILS

ഭൂമിയിലെ മാലാഖമാരേ, നിങ്ങള്‍ കൊന്നുകളഞ്ഞില്ലേ...

  
backup
October 04 2020 | 03:10 AM

nurses-2020

കരള് പറിയുന്നൊരു വേദന വിങ്ങുന്നുണ്ട് ഉള്ളിലിപ്പോഴും. ഒന്നാര്‍ത്തു കരയണമെന്നുണ്ട്. പക്ഷേ കരഞ്ഞു കൂടാ.. രണ്ട് കണ്‍മണികളുറങ്ങിയൊരു ഗര്‍ഭപാത്രത്തിന്റെ മുറിവുണങ്ങാതെ ഒരുത്തി കിടപ്പുണ്ടകത്ത്. കണ്ടുകൂട്ടിയ കിനാവുകളുടെ, ഉറക്കത്തില്‍ നിന്ന് ഉണര്‍ച്ചയിലേക്ക് കണ്‍തുറക്കും മുന്‍പ് നിലച്ചുപോയ മിടിപ്പുകളുടെ നോവിന്റെ തളര്‍ച്ചയിലണവള്‍. ഇക്ക കരയല്ലേ.. ഇക്ക തളരല്ലേന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഞാന്‍ കാണുന്നുണ്ട് കീറിമുറിച്ച വേദനയേക്കാള്‍ അവളെ കാര്‍ന്നുകൊണ്ടിരിക്കുന്ന തീരാനോവ് അവളുടെ കണ്‍കോണുകളില്‍ പിടയുന്നത്.
2019 നവംബര്‍ 14ന് ശിശുദിനത്തിലായിരുന്നു ഞങ്ങളുടെ വിവാഹം. ഒന്നാം വിവാഹ വാര്‍ഷികത്തിന് മൊഞ്ചേറ്റാന്‍ രണ്ടു കണ്‍മണികള്‍ കൂടെയുണ്ടാവും. അവള്‍ എപ്പോഴും പറയാറുണ്ടായിരുന്നു. വിവാഹ വാര്‍ഷികത്തിന് തമ്പുരാന്‍ തന്ന സമ്മാനമാണ് ഈ കണ്‍മണികളെന്ന്.
2019 മാര്‍ച്ച് 29നായിരുന്നു നിക്കാഹ്. അവളുടെ കഴുത്തില്‍ മഹര്‍ ചാര്‍ത്തി മണിക്കൂറുകള്‍ക്കകം അവളേയും കൂട്ടി ഞാന്‍ ചെന്നത് എന്റെ ഇഷ്ട സ്ഥാപനമായ കാവനൂര്‍ മജ്മഅ യതീംഖാനയിലേക്കായിരുന്നു. അവിടെയുള്ള അനാഥ മക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കി അവരുടെ പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നു. പിന്നീട് ഒരുപാട് യാത്രകള്‍. പുണ്യസ്ഥലങ്ങള്‍. അങ്ങനെ ഏതോ ഒരു പ്രാര്‍ഥനയില്‍ കിട്ടിയ നിധികളായിരുന്നിരിക്കാം അവര്‍.

വാങ്ങിവച്ചു,
കുഞ്ഞുടുപ്പു മുതല്‍
കിടക്ക വരെ

മൂന്നുമാസമായപ്പോഴാണ് രണ്ടു കുട്ടികളാണെന്നറിയുന്നത്. വീട്ടുകാര്‍ക്കൊക്കെ ഇത്തിരി ടെന്‍ഷനുണ്ടായിരുന്നു. ഞങ്ങളാണേല്‍ ഒത്തിരി സന്തോഷത്തിലും. കിനാക്കൂട നിറക്കാനുള്ള തത്രപ്പാടായിരുന്നു പിന്നെ. ഉള്ളിലൊരു ജീവന്‍ തുടിക്കുന്നു എന്നറിയുന്നതു മുതല്‍ കണ്ടു തുടങ്ങുന്നതല്ലേ നമ്മള്‍ കിനാവുകള്‍. ഇതൊരാളായിരുന്നില്ലല്ലോ.., രണ്ടു പേര്‍. റൂമിലേക്ക് രണ്ട് ഊഞ്ഞാല്‍ തൊട്ടിലുകള്‍ വാങ്ങണമെന്ന് പറഞ്ഞുവച്ചു. താഴത്തെ നിലയില്‍ വേറെ തൊട്ടില്‍കെട്ടണം. (അവള്‍ക്ക് അടുക്കളയില്‍ നിന്നു കാണാന്‍ പാകത്തില്‍). ഒരുപോലത്തെ കുഞ്ഞുടുപ്പുകള്‍.. ഒരുപോലത്തെ കളിപ്പാട്ടങ്ങള്‍... ലോക്ഡൗണ്‍ ആയാല്‍ പ്രയാസപ്പെടുമെന്ന് കരുതി കുട്ടികള്‍ക്കുള്ള ഉടുപ്പുകളും വിരിപ്പുകളും നേരത്തെ തന്നെ ഒരുക്കിവച്ചു. വൈറസിനെ തുരത്താന്‍ പ്രത്യേകം അലക്കി ഉണക്കി സൂക്ഷിച്ചു. (പക്ഷെ, ചില മനുഷ്യ വൈറസുകളെ തുരത്തുന്നിടത്ത് ഞാന്‍ തോറ്റുപോയി).
പുറത്തിറങ്ങിയാല്‍ കാണുന്ന ഓരോന്ന് ചൂണ്ടിക്കാണിച്ച് അവള്‍ വാചാലയാവും. ആ ഉടുപ്പ് നമ്മുടെ കുട്ടികള്‍ക്ക് നന്നായി ചേരും. ആ വാച്ച് വാങ്ങിവച്ചാലോ കുട്ടികള്‍ക്ക് പ്രായമാകുമ്പോള്‍ ഉപയോഗിക്കാലോ, ഓല് ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കണം. ഒരു കുറവും വരുത്തരുത്. കുട്ടികളെ കൂട്ടി ട്രിപ്പ് പോകണമെന്നു വരെ പറഞ്ഞിരുന്നു അവള്‍. ബൈക്കില്‍ പറ്റൂലല്ലോ, കാര്‍ വാങ്ങാം, ഇങ്ങള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ രണ്ട് കുട്ടികളേയും എനിക്ക് പിടിക്കാന്‍ കഴിയുമോ?. അങ്ങനെ എന്തെല്ലാം.
രണ്ടോമനകള്‍ ഒന്നിച്ചു ചിരിക്കുന്നതിന്റെ, കളിക്കുന്നതിന്റെ, കുറുമ്പു കാട്ടുന്നതിന്റെ, കരയുന്നതിന്റെ, മുള്ളുന്നതിന്റെ, അപ്പിയിടുന്നതിന്റെ... ഒന്നിച്ച് സ്‌കൂളിലേക്ക് പടിയിറങ്ങുന്നതിന്റെ... മനുഷ്യന്‍ അങ്ങനെയാണല്ലോ... എത്രയൊക്കെ വേണ്ടെന്നു കരുതിയാലും നമ്മുടെ കിനാക്കളങ്ങ് ഏഴാകാശങ്ങള്‍ക്കുമപ്പുറത്തേക്ക് പറന്നുയരും.

മുറിഞ്ഞുപോയ ആശ

മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാന്‍ മനസുള്ളവരായി അവരെ വളര്‍ത്തണമെന്നായിരുന്നു ആശ. ആണാണെങ്കില്‍ ഹുദവിയും പെണ്ണാണെങ്കില്‍ വഫിയ്യയും ആക്കണം. പൊതുരംഗത്ത് ഇറങ്ങി ആളുകള്‍ അറിയപ്പെടുന്ന സേവകരായി അവര്‍ വളരണം.
കുട്ടികള്‍ക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ തന്നെ പേരിടണമെന്ന് അവള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. (എന്റെ പെങ്ങളുടെ മൂന്ന് കുട്ടികള്‍ക്കും പേരിട്ടത് പാണക്കാട് നിന്നായിരുന്നു). തങ്ങളാണ് ഞങ്ങളുടെ നിക്കാഹിന് കാര്‍മികത്വം വഹിച്ചിരുന്നതും.

ജീവന്‍ തണുത്തുറഞ്ഞ മണിക്കൂറുകള്‍

ഇന്നും ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു നിസഹായവസ്ഥയിലേക്ക് വഴുതിപ്പോവും. ഞാന്‍ തോറ്റുപോയല്ലോ തമ്പുരാനേ എന്നോര്‍ത്തുപോയ നിമിഷങ്ങള്‍. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഫോണ്‍വിളികളായും യാത്രകളായും അലഞ്ഞ നിമിഷങ്ങള്‍. അല്ലാഹുവേ... എന്ന് മനമുരുകിയ മണിക്കൂറുകള്‍. മനുഷ്യന്‍ എത്ര നിസഹായനാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിഞ്ഞ ആ നിമിഷങ്ങള്‍.. വേദനയാല്‍ പുളയുന്ന നല്ലപാതി. അവള്‍ക്കുള്ളിലുറങ്ങുന്ന എന്റെ ജീവന്‍. തിരസ്‌ക്കരിക്കുന്ന മാലാഖമാര്‍... എന്നാലും എന്റെ കുഞ്ഞുങ്ങളെ എനിക്ക് കിട്ടുമെന്ന നേരിയ പ്രതീക്ഷയുണ്ടായിരുന്നു.

മനുഷ്യത്വം കണ്ണടച്ചപ്പോള്‍

ഓരോ മനുഷ്യജീവന്റെയും വില എണ്ണിപ്പറഞ്ഞ് പ്രതിജ്ഞയെടുത്ത് തൂവെള്ളയണിഞ്ഞിറങ്ങിയവര്‍ ഒരു നിമിഷം കണ്ണടച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് ഇങ്ങനെ ആകാശങ്ങളും കടന്നുയര്‍ന്ന കിനാക്കളുടെ കൊട്ടാരമാണ്. ഇത് കേവലം ഒരാളുടെ മാത്രം പ്രശ്‌നമല്ല. ആയിരങ്ങളിലെ നെഞ്ചിലെ നെരിപ്പോടുകളില്‍ ആശങ്കയുടെ, ഭീതിയുടെ തീയാണ് ഈ അവഗണനയും ഭൂമിയിലേക്ക് പിറന്നുവീഴുംമുന്‍പേ കരിഞ്ഞുപോയ ജീവനുകളും കൊളുത്തിയിരിക്കുന്നത്.

ഇനി സുബര്‍ക്കത്തില്‍ കാണാം

ഏത് പരീക്ഷണ ഘട്ടത്തിലും ദൈവവിശ്വാസിക്ക് ആശ്വസിക്കാന്‍ ഒരത്താണിയുണ്ടല്ലോ. പടച്ച തമ്പുരാന്‍. അവന്‍ ഞങ്ങളെ കൈവിടില്ല. അവള്‍ സഹിച്ച വേദനക്കും അവളുടെ ഉള്ളിലെരിയുന്ന സങ്കടങ്ങളുടെ നെരിപ്പോടിനും പകരമായി അവന്‍ ഞങ്ങള്‍ക്കിനിയും സമ്മാനങ്ങള്‍ തരും. പിന്നെ അവന്റെ സുബര്‍ക്കത്തോപ്പില്‍ ഞങ്ങളുടെ മാലാഖമാരുണ്ടാവും... ഞങ്ങളെ കാത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago