" മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്": സി. ദിവാകരന് മറുപടിയുമായി വി.എസ്
തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷനുമായി ബന്ധപ്പെട്ട് വിമര്‍ശനമുന്നയിച്ച മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ സി. ദിവാകരന് മറുപടിയുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.
വി.എസ് അച്യുതാനന്ദനെയും ധനമന്ത്രി തോമസ് ഐസകിനെയും ദിവാകരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭരണ പരിഷ്‌കാര കമ്മീഷന്‍ പൂര്‍ണ പരാജയമാണെന്നും വി.എസ് സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ മന്ത്രിമാരുടെ ഫയലുകളെല്ലാം തോമസ് ഐസക് അനാവശ്യ കാരണങ്ങളുടെ പേരില്‍ തടഞ്ഞുവയ്ക്കുമായിരുന്നുമെന്നുമായിരുന്നു ദിവാകരന്‍ പറഞ്ഞത്. ധനകാര്യ മന്ത്രിക്ക് കൊമ്പില്ലെന്ന് താന്‍ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ധനവകുപ്പിന് മറ്റ് വകുപ്പുകളുടെ മേല്‍ പ്രത്യേക അധികാരമില്ലെന്നും ദിവാകരന്‍ പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സി ദിവാകരന് വി.എസ് മറുപടി നല്‍കിയത്. ഭരണ പരിഷ്‌കാര കമ്മീഷന്‍ പരാജയമാണെന്നും മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും അതേ മന്ത്രി സഭയിലെ മറ്റൊരു മന്ത്രിയാണ് പറയുന്നതെന്നും മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്നും വി.എസിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്‌കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."