എസ്.എസ്.എല്‍.സി: മറിയത്തിന്റെ വിജയത്തിന് പത്തരമാറ്റ്
തൃശൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എഴ് എ പ്ലസും, രണ്ട് എ യും, ഒരു ബി പ്ലസുമാണ് മറിയം സ്വന്തമാക്കിയത്. പക്ഷേ, വെന്മേനാട് മുസ്‌ലിയാം വീട്ടില്‍ കോരിശ്ശേരി അബ്ദുറഹ്മാന്റെയും സമിയയുടെയും മൂത്ത മകളായ മറിയത്തിന്റെ ഈ നേട്ടത്തിന് പത്തരമാറ്റിന്റെ തിളക്കമാണ്. കാരണം ജന്മനാ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത ഈ കൊച്ചു മിടുക്കി വിധിയോട് പൊരുതിയാണ് തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്. മാത്രവുമല്ല പരീക്ഷയില്‍ സ്‌കൂളിലെ രണ്ടാം റാങ്കുകാരി കൂടിയാണ് മറിയം.
എസ്.എസ്.എല്‍.സി ക്ക് നൂറ് ശതമാനം വിജയം കൈവരിച്ച വെന്മേനാട് എം.എ.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മറിയം. വായനയും ചിത്രരചനയും ഇഷ്ടപ്പെടുന്ന മറിയം കഠിനാധ്വാനത്തിലൂടെയാണ് ഈ മിന്നുന്ന വിജയം കൈവരിച്ചത്. മാത്രമല്ല പഠിപ്പിച്ച അധ്യാപകരുടെയും മാതപിതാക്കളുടെയും പിന്തുണയും ഈ മിടുക്കിയുടെ വിജയത്തിന് പിന്നിലുണ്ട്. മറിയം ജനിച്ച് പത്ത് മാസത്തിന് ശേഷമാണ് കുട്ടിക്ക് കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്.
തുടര്‍ന്ന് ഒന്നര വയസ് മുതല്‍ അഞ്ച് വയസ് വരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും സ്പീച്ച് തെറാപ്പിയും നടത്തിയെങ്കിലും വലിയമാറ്റം ഉണ്ടായില്ല. തുടര്‍ന്ന് നിലമ്പൂരിലെ സ്‌പെഷല്‍ സ്‌കൂളിലും, കൊടുങ്ങല്ലൂരിലെ പ്രത്യാശ സ്‌പെഷല്‍ സ്‌കൂളിലും പഠനം നടത്തി.
പീന്നിട് പെരിഞ്ഞനം യു.പി സ്‌കൂളില്‍ ചേര്‍ന്നതോടെ പഠനത്തില്‍ മറിയത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടായെന്ന് മാതാപിതാക്കള്‍ പറയുന്നു. അന്ന് ഈ സ്‌കൂളിലെ പ്രധാനാധ്യാപിക ദീപ ടീച്ചറുടെ നേതൃത്വത്തില്‍ അധ്യാപകര്‍ നല്ല പ്രോത്സാഹനമാണ് നല്‍കിയിരുന്നത്.
പിന്നീട് പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ്.എസില്‍ എട്ടാം ക്ലാസ് വരെ പഠനം നടത്തി. പിതാവിന്റെ വീടായ വെന്മേനാടിലേക്ക് പിന്നീട് പഠനം മാറ്റുകയായിരുന്നു. ഒന്‍പതാം ക്ലാസില്‍ വെന്മേനാട് എം.എ.എസ്.എം സ്‌കൂളില്‍ ചേര്‍ന്നു.
പഠിക്കുന്നതില്‍ മറിയത്തിനുള്ള താല്‍പര്യം മനസിലാക്കിയതോടെ ഈ സ്‌കൂളിലെ അധ്യാപകര്‍ ആത്മാര്‍ഥമായ പിന്തുണ നല്‍കി. സ്‌കൂളിലെ അധ്യാപിക ശ്രീദേവി മറിയത്തെ പഠനത്തില്‍ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് പ്രധാനാധ്യാപകന്‍ ഹുസൈന്‍ പറയുന്നു. കണക്കാണ് എറ്റവും ഇഷ്ടമുള്ള വിഷയം.
സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ചിത്രരചനയിലും, പെന്‍സില്‍ ഡ്രോയിങ്ങിലും മികച്ച നേട്ടവും ഈ മിടുക്കി സ്വന്തമാക്കിയിരുന്നു. മത, ഭൗതിക പഠനങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകുന്ന സ്ഥാപനത്തില്‍ ഉപരിപഠനം നടത്തുവാനാണ് മറിയത്തിന് താല്‍പര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."