കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം
കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് ബസുടമ സുരേഷ് കല്ലടക്ക് ക്ലീന്‍ചിറ്റ് നല്‍കാനും മുന്‍ ജീവനക്കാരെ രക്ഷപ്പെടുത്താനുമാണ് നീക്കം നടക്കുന്നത്. സംഭവത്തില്‍ മുന്നറിവുണ്ടോയെന്ന് പരിശോധിക്കാന്‍ സുരേഷ് കല്ലടയ്‌ക്കെതിരേ കൂടുതല്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെടലുണ്ടായിരിക്കുന്നത്.
അതേസമയം, ഇന്ന് തിരിച്ചറിയല്‍ പരേഡ് നടത്താനിരിക്കെ കേസിലെ ഏഴ് പ്രതികള്‍ക്കും എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് തൃക്കാക്കര എ.സി.പി പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ക്കാതെ വന്നതോടെ ഏഴ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജയേഷ്, രാജേഷ്, ജിതിന്‍, അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുക കെട്ടിവച്ച് തൃശൂര്‍ സ്വദേശി ജിതിന്‍ എന്നയാള്‍ ജയിലിന് പുറത്തിറങ്ങുകയും ചെയ്തു.
എന്നാല്‍ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കുന്ന കാര്യം അന്വേഷണ സംഘം വീണ്ടും കോടതിയെ അറിയിച്ചതോടെ മറ്റ് ആറുപേര്‍ക്ക് ജയിലില്‍ നിന്ന് ഇറങ്ങാനായിട്ടില്ല. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
പരാതിക്കാരായ മൂന്നുപേര്‍ ഇന്ന് ജയിലിലെത്തി പ്രതികളായ ആറുപേരുടെ തിരിച്ചറിയല്‍ പരേഡ് നടത്തും. പുറത്തിറങ്ങിയ ജിതിന്റെ തിരിച്ചറിയല്‍ പരേഡ് മറ്റൊരു ദിവസം നടത്തും.
വൈറ്റിലയില്‍ ബസിനുള്ളിലും പുറത്തുവച്ചും യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസുടമയുടെ ഗൂഢാലോചനയാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പൊലിസ് പ്രധാനമായും പരിശോധിച്ചത്. ഇതേക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന ഉടമ സുരേഷ് കല്ലടയുടെ മൊഴി പൊലിസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല.
സംഭവമുണ്ടായ രാത്രി 12.30നും പുലര്‍ച്ചെ 4.30നും ഇടയ്ക്ക് നടന്ന ഗൂഢാലോചനയില്‍ ഉടമ സുരേഷ് കല്ലടയുടെ പങ്കാളിത്തമോ മുന്നറിവോ സമ്മതമോ ഉണ്ടായിരുന്നോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. കൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന മര്‍ദനമേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്ന് പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് ഇതും അട്ടിമറിക്കപ്പെട്ടതായാണ് വിവരം. ബസിന് വെളിയില്‍ മര്‍ദിക്കാന്‍ കൂട്ടുനിന്ന എട്ടോളം പേരെയാണ് ഇനി കസ്റ്റഡിയിലെടുക്കാനുള്ളത്.
യാത്രക്കാരെ മര്‍ദിച്ച സംഭവം സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെ കല്ലട ബസിനെതിരേ വ്യാപകമായ ഹേറ്റ് ക്യാംപയിന്‍ നടന്നിരുന്നു. ആദ്യഘട്ടത്തില്‍ ജനരോഷം ഭയന്ന് സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണമാണ് നടന്നത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ബസ് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ യുവാക്കളുടെയും സാക്ഷികളായ ചില യാത്രക്കാരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം ഉടമ സുരേഷ് കല്ലടയ്ക്കുള്ള പങ്കിലേക്ക് എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദമാണുള്ളത്.
പ്രതികളുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ക്കാതിരുന്നത് തന്നെ കേസിലെ ഉന്നത ഇടപെടലിനുള്ള തെളിവാണെന്നാണ് ആക്ഷേപമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."