മലപ്പുറം ഗവ. കോളജില്‍ നാക് പരിശോധന നാളെ മുതല്‍
മലപ്പുറം: യു.ജി.സി യുടെ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ(നാക്ക്) ഉന്നതതല സംഘം നാളെ മലപ്പുറം ഗവ. കാളജിലെത്തും. രാജ്യത്ത് യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷനു കീഴിലുള്ള കോളജുകളുടെ നിലവാരം നിശ്ചയിക്കുന്ന ദേശീയ സമിതിയാണ് ജില്ലാ ആസ്ഥാനത്തെ പ്രമുഖ കോളജിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനായി നാളെയെത്തുന്നത്.
മൂന്നു ദിവസം നാക് ടീം കോളജിലുണ്ടാകും. 2006 ലാണ് ഇതിനു മുന്‍പ് കോളജില്‍ നാക് സംഘം സന്ദര്‍ശനം നടത്തിയത്. കോളജിലെ ഭൗതിക സൗകര്യം, അക്കാദമിക സാഹചര്യം, പഠനാന്തരീക്ഷം, സാമൂഹിക ബന്ധം തുടങ്ങിയവ സമിതി പരിശോധനക്ക് വിധേയമാക്കും. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുമായി പരിശോധന സമിതി ആശയ വിനിമയം നടത്തും.
നിലവില്‍ ബി റാങ്കുള്ള കോളജ് അത് ഉയര്‍ത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നാക് പരിശോധനയുടെ മുന്നോടിയായി ഒന്‍പതു മേഖലകളാക്കി തിരിച്ച് വിപുലമായ പ്രവര്‍ത്തനങ്ങളാണ് കോളജില്‍ നടന്നത്. പത്തു വര്‍ഷത്തെ പഠന-പഠനേതര പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുക, ഭൗതിക സംവിധാനങ്ങളുടെ നവീകരണം, കോളജ് സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി അലുംനി അസോസിയേഷന്റെ നേതൃത്വത്തിലുള്ള പുല്‍ത്തകിടി, അറിവിന്റെ ശില്‍പം, എക്കോ ക്ലാസ് റൂം എന്നിവയുടെ നിര്‍മാണം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.
സര്‍ക്കാറിന്റെ സഹായ ധനത്തിനു പുറമേ പി.ടി.എയുടെയും പൂര്‍വ വിദ്യാര്‍ഥി സംഘടനയുടേയും സഹകരണത്തോടെയാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.
വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും ഒരു വര്‍ഷത്തോളം കോളജ് സമയത്തിന് പുറമെ കഠിനാധ്വാനം ചെയ്താണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. നാക് സംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രിന്‍സിപ്പല്‍ ഡോ. പി കെ മീര, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. സുലൈമാന്‍, മലപ്പുറം ഗവ.വനിത കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൈനുല്‍ ആബിദ് കോട്ട, നാക് കോഡിനേറ്റര്‍ പ്രൊഫ. മുഹമ്മദ് ഷാ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."