കുറ്റപത്രം വൈകിപ്പിക്കാന്‍ സമ്മര്‍ദം
കാസര്‍കോട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കാതിരിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദമെന്ന് സൂചന. കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചില്ലെങ്കില്‍ കേസിലെ ഒന്നാംപ്രതിയും സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന പീതാംബരന് ജാമ്യം ലഭിക്കും. ഇതിനുപിന്നാലെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മറ്റ് 10 പേര്‍ക്കും ജാമ്യം ലഭിക്കാനിടയുണ്ട്.
കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതികള്‍ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിക്കുന്നതിനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോകുന്നതിനിടയിലാണ് കുറ്റപത്രം സമര്‍പ്പിക്കാതിരിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദം ഉണ്ടാകുന്നതായി സൂചനകള്‍ പുറത്തുവരുന്നത്.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി കൊലയുമായി ബന്ധപ്പെട്ട ആയുധങ്ങളും വാഹനങ്ങളും അന്വേഷണസംഘം കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.
കേസിലെ ഒന്നാംപ്രതി പീതാംബരന്, രണ്ടാംപ്രതി സജി സി. ജോര്‍ജ്, മൂന്നാംപ്രതി കെ.എം സുരേഷ്, നാലാംപ്രതി കെ. അനില്‍കുമാര്‍, അഞ്ചാംപ്രതി ഗിജിന്‍, ആറാംപ്രതി ശ്രീരാഗ്, ഏഴാംപ്രതി അശ്വിന്, എട്ടാംപ്രതി സിബീഷ് എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഒന്‍പത്,10,11 പ്രതികളായ മുരളി തന്നിത്തോട്, രഞ്ജിത്, പ്രദീപ് എന്നിവര്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റവും ചുമത്തി.
12-ാം പ്രതി ആലക്കോട്ടെ മണി, 13-ാം പ്രതി സി.പി.എം ലോക്കല്‍ സെക്രട്ടറിയായ എന്‍. ബാലകൃഷ്ണന്,14-ാം പ്രതി സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന് എന്നിവര്‍ക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. അതിനിടെ, കേസില്‍ ഇനിയും ഉന്നതര്‍ പിടിയിലാകാനുണ്ടെന്നും അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി 24ന് പരിഗണിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."