സംസ്ഥാനങ്ങളിലൂടെ
തമിഴ്‌നാട്
ഊട്ടി പൈതൃക ട്രെയിന്‍ സര്‍വിസ് നിര്‍ത്തി
മേട്ടുപ്പാളയം: കനത്ത കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഊട്ടിയിലെ പൈതൃക ട്രെയിന്‍ സര്‍വിസ് നിര്‍ത്തിവച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാളത്തിലേക്ക് കല്ലും മരങ്ങളും വീണത് ട്രെയിന്‍ സര്‍വിസിന് തടസമായി. ഇവ മാറ്റി സര്‍വിസ് പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.തുടര്‍ന്നാണ് സര്‍വിസുകള്‍ റദ്ദു ചെയ്തത്. പൂര്‍ണമായും പാത ഗതാഗത യോഗ്യമാക്കാതെ സര്‍വിസ് പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മധ്യപ്രദേശ്
വിവാഹത്തിന് അലങ്കരിച്ച വാഹനത്തില്‍ സഞ്ചരിച്ച ദലിത് യുവാവിന് മര്‍ദനം
ഭോപ്പാല്‍: വിവാഹത്തിന് കാര്‍ അലങ്കരിച്ചെന്ന കുറ്റത്തിന് ദലിത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ഛത്തര്‍പൂര്‍ ജില്ലയിലെ ദേരിയിലാണ് സംഭവം. അലങ്കരിച്ച കാറില്‍ വിവാഹവേദിയിലേക്ക് സഞ്ചരിക്കുകയായിരുന്ന പ്രകാശ് ബന്‍സാലിയെയാണ് നാല് പേരടങ്ങുന്ന സംഘം മര്‍ദിച്ചത്. യുവാവിനെ കാറില്‍ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സവര്‍ണ ജാതിയില്‍ പെട്ട പിന്റു വിശ്വകര്‍മ, അരവിന്ദ് സിങ്, പൃഥ്വി സിങ്, ആകാന്ത് സിങ് എന്നിവര്‍ക്കെതിരേ പൊലിസ് കേസെടുത്തു. പ്രതികളിലൊരാളായ പൃഥ്വിയെ പൊലിസ് സംഭവ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
കര്‍ണാടക
ബംഗ്ലാദേശ് പൗരന്മാര്‍ അറസ്റ്റില്‍
ബല്‍ഗാവി: അനധികൃതമായി കുടിയേറിയ ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പൊലിസ് അറസ്റ്റ് ചെയ്തു. അന്‍വര്‍ സാദര്‍, അജൂബെഗ്, ഷൗഫി ബെപാരി, ഹാഫിസ് ഇസ്‌ലം, ഹക്കീബ്, അബ്ദുല്‍ ഗലി എന്നിവരെ ബല്‍ഗാവിയില്‍ വച്ചും മുഹമ്മദ് ബെപാരിയെ പൂനയില്‍ വച്ചുമാണ് പൊലിസ് പിടികൂടിയത്. ഇന്ത്യന്‍ പൗരന്മാരാണെന്ന് തോന്നിക്കുന്നതിനായി ഇവര്‍ ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവ കരസ്ഥമാക്കിയിരുന്നു. പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ബംഗ്ലാദേശില്‍ നിന്ന് ദുബൈയിലേക്ക് പോകുന്ന വഴി പൂനെ വിമാനത്താവളത്തില്‍ ഇറങ്ങിയ മുഹമ്മദ് ബെപാരിയെ സംശയം തോന്നി പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ ബംഗ്ലാദേശി പൗരനാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരും പിടിയിലായത്.
രാജസ്ഥാന്‍
ട്രാക്ടര്‍ മറിഞ്ഞ്
ആറ് കുട്ടികള്‍ മരിച്ചു
ജയ്പുര്‍: ട്രാക്ടര്‍ മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ കുട്ടികളടക്കം 21 പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 11ഓടെ ഖുഷാലിപുരയിലെ ലെഹ്‌സോദമോറിലായിരുന്നു അപകടം.ഖാന്‍പൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു ട്രാക്ടര്‍ മറിഞ്ഞത്.
ഡല്‍ഹി
വൃത്തിയുള്ള നഗരങ്ങളെ കണ്ടെത്തിയ രീതി അശാസ്ത്രീയമെന്ന് സി.എസ്.ഇ
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ കണ്ടെത്തിയ രീതി അശാസ്ത്രീയമെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ്(സി.എസ്.ഇ). നഗരമാലിന്യം ശേഖരിച്ച് മറ്റൊരു സ്ഥലത്ത് കുഴിച്ചുമൂടുകയോ അല്ലെങ്കില്‍ കത്തിച്ചുകളയുകയോ ചെയ്താല്‍ അത് ശുചീകരണമാകില്ല. മാലിന്യം ഉറവിടങ്ങളില്‍ ശേഖരിച്ച് റീസൈക്കിള്‍ ചെയ്യണം. അതിന് കഴിയാത്തവയെ തരംതിരിച്ചുവേണം സംസ്‌കരിക്കാനെന്ന് സി.എസ്.ഇ പറയുന്നു. വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്‍ഡോര്‍, ഭോപ്പാല്‍ തുടങ്ങിയ നഗരങ്ങളില്‍ മാലിന്യം തരംതിരിക്കലോ സംസ്‌കരണമോ മികച്ച രീതിയിലല്ല.
ജാര്‍ഖണ്ഡ്
സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു
റാഞ്ചി: ലോഹര്‍ദഗ ജില്ലയില്‍ മാവോവാദികള്‍ക്കായി സി.ആര്‍.പി.എഫും പൊലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടി. 53 കുഴിബോംബുകള്‍, കണ്ടെയ്‌നര്‍ ബോംബുകള്‍ തുടങ്ങിയവ കണ്ടെടുത്തു. നേരത്തെ നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."