അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത് തെറ്റായിപ്പോയെന്ന് മുലായം
ലഖ്നൗ: അഖിലേഷ് യാദവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയത് വലിയ തെറ്റായിരുന്നുവെന്ന് മുലായം സിങ് യാദവ്. മകനുനേരെ ഇതാദ്യമായാണ് ഇത്രയും ഗുരുതര ആരോപണവുമായി മുലായം രംഗത്തെത്തുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യം പാര്‍ട്ടിക്കുണ്ടായ വലിയ വീഴ്ചയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടിയുടെ സ്ഥിതി പരിതാപകരമാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നന്നായി പ്രയത്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്മുഖ്യമന്ത്രിയായിരുന്ന കാലത്തെ അവസ്ഥയല്ല ഇപ്പോഴുള്ളത്. തന്റെ ജീവിതത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവരുമായാണ് അഖിലേഷ് സഖ്യമുണ്ടാക്കിയത്. പാര്‍ട്ടിയുടെ സ്ഥിതി മോശമാക്കിയത് ഈ സഖ്യമാണ്. കോണ്‍ഗ്രസുമായി ഒരിക്കലും സഖ്യമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും അഖിലേഷ് അത് തള്ളുകയായിരുന്നു. പാര്‍ട്ടിയെ പരാജയപ്പെടുത്തിയത് അഖിലേഷാണ്. ഇക്കാര്യത്തില്‍ വോട്ടര്‍മാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മുലായം പറഞ്ഞു. കര്‍ഹാലിലെ ജുനേസയില് പാര്‍ട്ടി നേതാവും സഹോദരനുമായിരുന്ന ധര്‍മേന്ദ്ര യാദവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവ്പാല്‍ യാദവ് സെക്യുലര്‍ മോര്‍ച്ചയെന്ന പാര്‍ട്ടി രൂപീകരിച്ചത് അഖിലേഷിനോടുള്ള വിദ്വേഷം കൊണ്ടാണ്. എന്നാല്‍ മഹാഭാരത കഥയിലെ ശകുനിയുടെ വേഷം ഒരിക്കലും അദ്ദേഹം കെട്ടിയിട്ടില്ല- മുലായം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."