ചെയര്‍മാന്റെ വാഹനം ജപ്തി നടപടികളിലേക്ക് എത്തിയ സംഭവം: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി
കൊണ്ടോട്ടി: നഗരസഭാ ചെയര്‍മാന്റെ വാഹനം ജപ്തി നടപടികളിലേക്ക് എത്തിയ സംഭവത്തില്‍ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 2007ല്‍ കൊണ്ടോട്ടി പഞ്ചായത്തിന്റെ ട്രാക്ടര്‍ ഇടിച്ചു കോട്ടക്കല്‍ മറ്റത്തൂര്‍ സ്വദേശിക്ക് പരുക്കേറ്റിരുന്നു. അപകടസമയത്ത് ഇന്‍ഷൂറന്‍സ് ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്കാന് ചെയര്‍മാന്റെ വാഹനം ജപ്തി ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
നഷ്ടപരിഹാര തുകയായ 2,00,534 രൂപയുടെ ചെക്ക് കൃത്യമായി ഇല്ലാത്തതിന് അന്നത്തെ സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ചെയര്മാന് സി.കെ നാടിക്കുട്ടി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കൊണ്ടോട്ടി വലിയതോടിന്റെ നവീകരണത്തിനായി പ്രത്യേക പദ്ധതി തയാറാക്കാന്‍ ആര്‍ക്കിടെക്റ്റ് രമേശിന്റെ സേവനം തേടാനും യോഗത്തില്‍ ധാരണയായി.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ രജിസ്ട്രേഷന് നടപടികള്‍ 29, 30 തിയതികളില്‍ വിവിധ ഇടങ്ങളിലായി നടക്കും. കെ.എസ്.ഇ.ബി ഓഫീസില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കണമെന്നും കൊണ്ടോട്ടിയില്‍ എക്സൈസ് സര്‍ക്കിള്‍ സ്ഥാപിക്കണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."