കള്ളവോട്ടും പര്‍ദയും തമ്മില്‍ ബന്ധമില്ല: പി.കെ കുഞ്ഞാലിക്കുട്ടി
പര്‍ദ വിശ്വാസത്തിന്റെ ഭാഗം
മലപ്പുറം: പര്‍ദ വിശ്വാസത്തിന്റെ ഭാഗമാണെന്നും കള്ളവോട്ടിനെയും പര്‍ദയെയും തമ്മില്‍ ബന്ധിപ്പിച്ചത് ശരിയായില്ലെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പര്‍ദ ധരിച്ചെത്തുന്നവര്‍ കള്ളവോട്ട് ചെയ്യുമെന്ന് പറഞ്ഞതിലൂടെ സി.പി.എം വിശ്വാസികളെ അപമാനിച്ചു.
പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പര്‍ദ ധരിച്ചെത്തുന്നവര്‍ക്കെതിരായ സി.പി.എം നേതാക്കളുടെ പ്രസ്താവന നല്ല ഉദ്ദേശത്തോടെയുള്ളതല്ല. ഇതിനെതിരായ പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. കള്ളവോട്ട് ചെയ്ത് പിടിക്കപ്പെട്ടവരൊന്നും പര്‍ദയിട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പില്‍ നിന്ന് മുസ്‌ലിം സ്ത്രീകളെ
അകറ്റാനുള്ള തന്ത്രം: കെ.പി.എ മജീദ്
കോഴിക്കോട്: പര്‍ദയിട്ട് വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന സി.പി.എം ഭീഷണി മുസ്്‌ലിം സ്ത്രീകളെ പോളിങ് ബൂത്തില്‍ നിന്ന് അകറ്റാനുള്ള കുത്സിതശ്രമത്തിന്റെ ഭാഗമെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
റീപോളിങ്ങില്‍ ഈ ദുഷ്ടലാക്ക് വിലപ്പോയില്ല. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതായി പറയപ്പെടുന്ന ആരും പര്‍ദയിട്ടോ മുഖംമൂടിയണിഞ്ഞോ എത്തിയവരല്ല. സി.പി.എമ്മിന്റെ സംഘടിത കള്ളവോട്ട് കൈയോടെ പിടികൂടിയപ്പോള്‍ മുസ്‌ലിം വസ്ത്രധാരണത്തെയും ആചാരത്തെയും മോശമായി ചിത്രീകരിച്ച് വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്.
പര്‍ദ ധരിച്ചെത്തുന്നവര്‍ക്ക് നേരെ വ്യാപകമായി പരിശോധനയും നടപടിയും ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി മുസ്്‌ലിം സ്ത്രീകളെ പോളിങ് ബൂത്തില്‍ നിന്ന് അകറ്റിനിര്‍ത്തുകയായിരുന്നു സി.പി.എം തന്ത്രം.
മുഖംമറച്ചതും അല്ലാത്തതുമായ പര്‍ദ ധരിക്കുകയെന്നത് വിശ്വാസപരവും വ്യക്തിസ്വാതന്ത്ര്യപരവുമായി വനിതകള്‍ക്കുള്ള അവകാശമാണ്. ബി.ജെ.പി ശക്തിപ്രദേശങ്ങളില്‍പോലും മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെ പ്രയോഗിക്കാത്ത വര്‍ഗീയതയാണ് സി.പി.എം പര്‍ദവിരുദ്ധയിലൂടെ പ്രയോഗിച്ചത്.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ബൂത്തുകളില്‍ കയറി പ്രകോപനം സൃഷ്ടിച്ചത് അവരുടെ പരാജയഭീതിയാണ് വെളിപ്പെടുത്തുന്നത്.
അക്രമവും വര്‍ഗീയതയും ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന വ്യാമോഹം വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."