കിണര്‍വെള്ളം: ഗുണനിലവാര പരിശോധനക്ക് ഇന്നു തുടക്കം
കോഴിക്കോട്: പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ഇന്ന് ആരംഭിക്കും. ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നേതൃത്വത്തിലാണ് രണ്ടു ദിവസങ്ങളിലായി ഗുണ നിലവാര പരിശോധന സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റും കേരള വാട്ടര്‍ അതോറിറ്റിയും സംരംഭത്തില്‍ പങ്കാളികളാണ്.
ആദ്യഘട്ടമായി പൈലറ്റ് അടിസ്ഥാനത്തില്‍ പ്രളയക്കെടുതി നേരിട്ട ആറു ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയിലെയും ഒരു പഞ്ചായത്തിലെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ കിണര്‍വെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
ചെങ്ങന്നൂര്‍, തിരുവല്ല, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ എന്നീ മുനിസിപ്പാലിറ്റികളും തലവടി, റാന്നിഅങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍നിന്നു 16,232 കിണറുകളിലെ കുടിവെള്ളമാണ് പരിശോധിക്കുന്നത്. തിരുവല്ലയില്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പരിപാടിക്ക് തുടക്കംകുറിക്കും.
ബന്ധപ്പെട്ട ജില്ലകളിലെ എന്‍.എസ്.എസ് യൂനിറ്റുകളില്‍ നിന്നുള്ള പരിശീലനം നേടിയ വോളണ്ടിയര്‍മാരാണ് പരിശോധനയ്‌ക്കെത്തുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് പരിശോധനയ്ക്കാവശ്യമായ കിറ്റ് ലഭ്യമാക്കിയതും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശോധനാ ലാബ് സജ്ജമാക്കിയതും.
പ്രളയത്തെത്തുടര്‍ന്ന് മലിനമായ എല്ലാ കിണറുകളിലെയും ജലം പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."