നഴ്സുമാര്‍ക്കു വിതരണം ചെയ്ത പി.പി.ഇ കിറ്റില്‍ ചോരക്കറ?
തളിപ്പറമ്പ് (കണ്ണൂര്‍): പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ക്ക് ധരിക്കാന്‍ നല്കിയ പി.പി.ഇ കിറ്റില്‍ ചോരക്കറ. കഴിഞ്ഞ ദിവസം കൊവിഡ് രോഗികളെ പരിചരിക്കാന്‍ ഡ്യൂട്ടിക്കെത്തിയ നഴ്സുമാര്‍ പി.പി.ഇ കിറ്റ് ധരിക്കാനായി പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചോരക്കറ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ആ ബാച്ചിലെ കിറ്റുകള്‍ തുറന്നു പരിശോധിച്ചപ്പോള്‍ മിക്കതിലും ചോരക്കറയ്ക്ക് സമാനമായ നിറം കണ്ടെത്തി. ഇതോടെ ഉപയോഗിച്ച കിറ്റുകള്‍ റീപാക്ക് ചെയ്താണ് എത്തിച്ചതെന്ന സംശയത്തെ തുടര്‍ന്ന് കിറ്റ് ധരിക്കാന്‍ തയാറാകാതെ നഴ്സുമാര്‍ പ്രിന്‍സിപ്പലിനേയും മെഡിക്കല്‍ സൂപ്രണ്ടിനേയും വിവരമറിയിച്ചു. തുടര്‍ന്ന് കിറ്റ് വിതരണം ചെയ്ത സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളാ മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷനെ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡിസ്പോസിബിള്‍ സിറിഞ്ചിലും രക്തക്കറ പുരണ്ടതായി കണ്ടത് നഴ്സുമാര്‍ സൂപ്രണ്ടിനെ അറിയിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ കേരളാ മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് അധികൃതരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ചോരക്കറയ്ക്ക് സമാനമായ നിറം കണ്ടെത്തിയ ബാച്ചില്‍പെട്ട പി.പി.ഇ കിറ്റുകള്‍ തിരിച്ചെടുക്കാമെന്ന് കോര്പറേഷന് അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
നേരത്തേയും കെ.എം.എസ്.സി.എല്‍ വിതരണം ചെയ്ത പി.പി.ഇ കിറ്റുകളെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മാറ്റിനല്കിയിരുന്നു. കൊവിഡ് രോഗികളെ പരിചരിക്കുന്നവര്‍ രോഗം പകരാതിരിക്കാന്‍ പി.പി.ഇ കിറ്റ് നിര്‍ബന്ധമായി ധിരിക്കണമെന്നും ഉപയോഗിച്ച കിറ്റുകള്‍ ശാസ്ത്രീയമായി സംസ്ക്കരിക്കണമെന്നുമാണ് മാനദണ്ഡം. എന്നാല്‍ രക്തക്കറ കണ്ടെത്തിയതോടെ ഉപയോഗിച്ച കിറ്റുകള്‍ ശാസ്ത്രീയമായി സംസ്കരിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."