HOME
DETAILS
MAL
ഐഫോണ്‍ ആരോപണത്തിനെതിരേ ചെന്നിത്തല കോടതിയിലേക്ക്
backup
October 05 2020 | 01:10 AM
തിരുവനന്തപുരം: യു.എ.ഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐഫോണ്‍ സമ്മാനമായി നല്‍കിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ പരാമര്‍ശത്തിനെതിരേ രമേശ് ചെന്നിത്തല നിയമ നടപടിക്ക്. ലൈഫ് മിഷന് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിനെതിരേ സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം ഉള്ളത്. ഇത് അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടിസ് അയക്കാനാണ് തീരുമാനം. ഡി.ജി.പിക്ക് ഇതുസംബന്ധിച്ച് നല്കിയ പരാതിയില്‍ നടപടികള്‍ ഉണ്ടാവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. നിശ്ചിത സമയപരിധിക്കകത്ത് പരാമര്‍ശം ഒഴിവാക്കിയില്ലെങ്കില്‍ ഹൈക്കോടതിയെ നേരിട്ട് സമീപിക്കാനും പ്രതിപക്ഷ നേതാവിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
യു.എ.ഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഐഫോണ്‍ സമ്മാനമായി നല്‍കിയെന്ന ആരോപണം തെളിവുകള്‍ സഹിതം പ്രതിപക്ഷ നേതാവ് തള്ളിയിരുന്നു. മാത്രമല്ല ചടങ്ങിനോട് അനുബന്ധിച്ച് നല്കിയ ഐഫോണുകള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലിസിനെ സമീപിച്ചിട്ടുമുണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമെ ഫോണ്‍ കണ്ടെത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാനാകൂ എന്ന നിലപാടാണ് പൊലിസിനുള്ളത്. ഐഫോണുകള്‍ കണ്ടെത്താന്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും രമേശ് ചെന്നിത്തല തിരുവനന്തപുരം സി.ജെ.എം കോടതിയെ സമീപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."