മാഞ്ചസ്റ്ററിനെ വീഴ്ത്തി ആഴ്സണല്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തോല്‍വിയറിയാതെയുള്ള കുതിപ്പിന് ആഴ്സണല്‍ വിരാമമിട്ടു. ഗണ്ണേഴ്സ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്ററിനെ വീഴ്ത്തി വിജയമാഘോഷിച്ചു. തോല്‍വിയറിയാതെ 25 മത്സരങ്ങളാണ് മാഞ്ചസ്റ്റര്‍ പൂര്‍ത്തിയാക്കിയത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ 54, 57 മിനുട്ടുകളില്‍ സാക, ഡാനി വെല്‍ബെക്ക് എന്നിവരാണ് പിരങ്കിപ്പടയ്ക്കായി വല ചലിപ്പിച്ചത്.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിന് അപ്രതീക്ഷിത സമനില. സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ അവരെ സതാംപ്ടന് ഗോള്‍രഹിത സമനിലയില്‍ തളച്ചു. ചാംപ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിക്കാനുള്ള ലിവര്‍പൂളിന്റെ ശ്രമത്തിന് സമനില തിരിച്ചടിയായേക്കും. ഒറ്റ പോയിന്റ് വ്യത്യാസത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നാലാം സ്ഥാനത്തേക്കിറക്കി അവര്‍ വീണ്ടും മൂന്നാം സ്ഥാനം സ്വന്തമാക്കിയെങ്കിലും അതിന് അല്പായുസാവാനാണ് സാധ്യത. മൂന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ സിറ്റിക്ക് ഇനിയും അവസരമുണ്ട്. ലിവര്പൂളിനേക്കാള് ഒരു മത്സരം കുറച്ചേ സിറ്റി കളിച്ചിട്ടുള്ളു.
എവര്‍ട്ടനെ സ്വാന്‍സീ സിറ്റി സ്വന്തം തട്ടകത്തില്‍ അട്ടിമറിച്ചു. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് സ്വാന്‍സീ വിജയിച്ചത്. ജയത്തോടെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് സ്ഥാനം കയറ്റം സ്വന്തമാക്കാനും സ്വാന്സീക്കായിട്ടുണ്ട്.
മൊണാക്കോ
കിരീടത്തിനരികില്‍
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ മൊണാക്കോ കിരീടത്തിനരികില്‍. നാന്‍സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് രണ്ട് മത്സരങ്ങള്‍ അവശേഷിക്കെ അവര്‍ കിരീടത്തിനരികിലെത്തിയത്.
യുവന്റസിന് സമനില
മിലാന്: ഇറ്റാലിയന്‍ സീരി എയില്‍ കിരീടത്തിലേക്ക് കുതിക്കുന്ന യുവന്റസിന് അപ്രതീക്ഷിത സമനില. ടൊറിനോ അവരെ 1-1ന് സമനിലയില്‍ പിടിച്ചു. മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാനെ ജെനോവ 1-0ത്തിന് അട്ടിമറിച്ചു. ലാസിയോ ഏഴ് ഗോളുകള്‍ അടിച്ചുകൂട്ടി സംപ്ഡോറിയയെ 7-3ന് വീഴ്ത്തി. നാപോളി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കഗ്ലിയാരിയെ കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."