മണിപ്പൂരില്‍ ബി.ജെ.പി സഖ്യ സര്‍ക്കാരിനുള്ള പിന്തുണ എന്‍.പി.എഫ് പിന്‍വലിക്കും
ഇംഫാല്‍: മണുപ്പൂരില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍ നിന്ന് ഘടക കക്ഷിയായ എന്‍.പി.എഫ്(നാഗാ പീപ്പിള്‍സ് ഫ്രണ്ട്) പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമായ രീതിയിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേതെന്നാരോപിച്ചാണ് എന്‍.പി.എഫ് പിന്തുണ പിന്‍വലിക്കുന്നത്.
ബി.ജെ.പി സഖ്യസര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്നതായി എന്‍.പി. എഫ് വക്താവ് അച്ചുംബെമോ കികോണ്‍ അറിയിച്ചു. പിന്തുണ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വം ദിവസങ്ങളായി ചര്‍ച്ച നടത്തിവരികയായിരുന്നു. ഇതിനൊടുവിലാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയില്‍ നടന്ന എന്‍.പി.എഫ് കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് പിന്തുണ പിന്‍വലിക്കുന്ന തീരുമാനം കൈകൊണ്ടത്.
അതേസമയം എന്‍.പി.എഫ് പിന്തുണ പിന്‍വലിച്ചാലും ബി.ജെ.പി സര്‍ക്കാരിന് ഭീഷണിയുണ്ടാകില്ല. 60 അംഗ സഭയില്‍ നാല് അംഗങ്ങള്‍ മാത്രമാണ് എന്‍.പി.എഫിനുള്ളത്. ബി.ജെ.പിക്കാകട്ടെ 28 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ്-21, എന്‍.പി.പി(നാഷ്‌നല്‍ പീപ്പിള്‍സ് പാര്‍ട്ടി)-4, എല്‍.ജെ.പി(ലോക് ജനശക്തിപാര്‍ട്ടി)-1, എ.ഐ.ടി.സി(അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്)-1, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷി നില.
സഖ്യകക്ഷികളെ അംഗീകരിക്കാന്‍ ബി.ജെ.പി തയാറാകുന്നില്ലെന്ന പരാതിയും എന്‍.പി.എഫിനുണ്ട്. പാര്‍ട്ടിയുടെ ജനപ്രതിനിധികളോടുപോലും മാന്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ തയാറാകുന്നില്ല.
അതേസമയം ആരോപണത്തെ ബി.ജെ.പി നേതാക്കള്‍ നിഷേധിച്ചു. സഖ്യകക്ഷികളുമായി കഴിയുന്ന വിധത്തില്‍ സഹകരിച്ചാണ് മുന്നോട്ടുപോയിരുന്നതെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."