ചെങ്ങോടുമല സംരക്ഷണം കൂട്ടാലിടയില്‍ രാപകല്‍ സമരം തുടങ്ങി
പേരാമ്പ്ര: സ്വകാര്യകമ്പനിയുടെ കരിങ്കല്‍ ഖനനത്തില്‍ നിന്ന് പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 'നമ്മുടെ ചെങ്ങോടുമല' ജനകീയ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കൂട്ടാലിടയില്‍ രാപ്പകല്‍ സമരം തുടങ്ങി. നരയംകുളം, മൂലാട്, അവിടനല്ലൂര്‍, കോളിക്കടവ്, പാലോളി, കോട്ടൂര്‍, പൂനത്ത് പ്രദേശങ്ങളിലെ നൂറുകണക്കിനാളുകളാണ് ഇന്നലെ രാവിലെ മുതല്‍ സമരപന്തലിലേക്ക് ഒഴുകിയത്.
ഞങ്ങളുടെ ജീവന്റെ നിലനില്‍പ്പിന് അടിസ്ഥാനമായ ചെങ്ങോടുമലയെ ഖനന മാഫിയക്ക് വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു രാപകല്‍ സമരം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രാവിലെ മുതല്‍ സമരത്തില്‍ പങ്കാളികളായി. സമരക്കാര്‍ക്ക് ഉച്ചഭക്ഷണമുള്‍പ്പെടെ ഒരുക്കിയിരുന്നു. സമരപന്തലിന് സമീപം ചിത്രപ്രദര്‍ശനം നടത്തി. ചെങ്ങോടുമലയെ കുറിച്ചുള്ള കവിതകളും അവതരിപ്പിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതാവ് കെ.ടി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചീനിക്കല്‍ സുരേഷ് അധ്യക്ഷനായി. പ്രൊഫ. ആബിദ പുതുശ്ശേരി, എം.എ ജോണ്‍സണ്‍, വിജീഷ് പരവേരി, മുഹമ്മദ് പേരാമ്പ്ര, രമേശ് കാവില്‍, ഉണ്ണികൃഷ്ണന്‍ തണല്‍വേദി, ചാലിക്കര രാധാകൃഷ്ണന്‍, എന്‍. ശങ്കരന്‍ മാസ്റ്റര്‍, റിഫായത്ത് കട്ടിപ്പാറ, സി.പി ബഷീര്‍, സദാനന്ദന്‍ വാകയാട്, സി.പി ഗോവിന്ദന്‍കുട്ടി, തങ്കയം ശശികുമാര്‍, വി.പി സുരേന്ദ്രന്‍, നാരായണന്‍ കിടാവ്, ലിനീഷ് നരയംകുളം, പി.പി പ്രദീപന്‍, പ്രശാന്ത് നരയംകുളം, ഇ. ശ്രീലത, ടി.എം കുമാരന്‍, ഉഷ മലയില്‍, എന്‍.ടി ഗിരിജ, ടി. ഷാജു, ടി.കെ രഗിന്‍ ലാല്‍ സംസാരിച്ചു.
അതേസമയം രാപകല്‍ സമരപ്പന്തലിനു സമീപം 'പാഠം ഒന്ന് പ്രകൃതി' എന്ന പേരില്‍ കോട്ടൂര്‍ എ.യു.പി സ്‌കൂള്‍ പരിസ്ഥിതി ക്ലബ് വിദ്യാര്‍ഥികള്‍ കൊളാഷ് പ്രദര്‍ശനം ഒരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."