പ്രളയ ദുരിതത്തിനിരയായ നിരവധി കുടുംബങ്ങളെ റവന്യൂ വകുപ്പ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതായി പരാതി
മുക്കം: പ്രളയ ദുരിതത്തിനിരയായ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നിരവധി കുടുംബങ്ങളെ റവന്യു വകുപ്പ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതായി പരാതി. മലയോര മേഖലയില്‍ പ്രളയക്കെടുതിയില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായ പഞ്ചായത്തുകളിലൊന്നാണ് കാരശ്ശേരി. 26 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞും 19 ദുരിതാശ്വാസ ക്യാംപുകളിലായി 1300 പേരാണ് പഞ്ചായത്തില്‍ ദുരിതം സഹിച്ചത്. ഇത്തരത്തില്‍ ദുരിതബാധിതരായ കുടുംബങ്ങളാണ് ഇപ്പോള്‍ ലിസ്റ്റിന് പുറത്തായിരിക്കുന്നതെന്നാണ് പ്രധാന പരാതി.
ഏറ്റവുമധികം ദുരിതം ബാധിച്ച 1, 2, 3, 5, 11 വാര്‍ഡുകളിലായി 19 കുടുംബങ്ങള്‍ ലിസ്റ്റിന് പുറത്താണ്. ഒന്നാം വാര്‍ഡില്‍ പെട്ട മനോജ് മൂത്തേടത്ത്, രണ്ടാം വാര്‍ഡില്‍ സുജാത രാജേഷ്, സന്തോഷ് കുമാര്‍, ഹംസ വേങ്ങര, മൂന്നാം വാര്‍ഡില്‍ അഹമ്മദ് അത്തോളി, ഷാഹുല്‍ ഹമീദ്, ആമിന മാങ്കുന്നുമ്മല്‍, ഫാത്തിമ കൊയപ്പയില്‍, അബ്ദുല്‍ കരീം, സഫിയ കരിമ്പില്‍, അഞ്ചാം വാര്‍ഡില്‍ ചോയി എന്നിവരും പതിനൊന്നാം വാര്‍ഡില്‍ അബ്ദുസമദ് മുരിങ്ങംപുറായി, അബ്ദുല്‍ അസീസ്, ഇഖ്ബാല്‍ കോട്ടയില്‍, കരീം അങ്ങാടി കടവത്ത്, നസ്രിയ, റംല, ശിഹാബുദ്ധീന്‍, ഖാലിദ് നീരൊലിപ്പില്‍, ആബിദ കൊട്ടക്കാടന്‍, ഇ.പി ഗോപാലന്‍, തോമസ് കൊച്ചുപുരക്കല്‍, സാറാബി ചാലൂളി തുടങ്ങിയവരാണ് ലിസ്റ്റില്‍ നിന്നും പുറത്തായത്. ഇതില്‍ പലരുടേയും വീടുകളില്‍ മൂന്നും നാലും ദിവസം വെള്ളം നിന്നിരുന്നു. അര്‍ഹരായവരെ ലിസ്റ്റില്‍ നിന്നൊഴിവാക്കിയ നടപടിക്കെതിരേ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."