തകര്‍ന്ന കെട്ടിടങ്ങളുടെ വിവരശേഖരണം ഇന്നു മുതല്‍
കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിനുള്ള പരിശീലന പരിപാടി ടാഗോര്‍ ഹാളില്‍ ആരംഭിച്ചു. അര്‍ഹരായ മുഴുവന്‍ ദുരിതബാധിതരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതകളുള്ള പ്രദേശങ്ങളും ബാധിക്കാവുന്ന വീടുകളും ഡിജിറ്റലായി സര്‍ക്കാറിന് സൂക്ഷിക്കാന്‍ സാധിക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഇതിന് അനിവാര്യമാണ്. രണ്ടു ദിവസത്തില്‍കൂടുതല്‍ വെള്ളംകയറി നാശനഷ്ടം നേരിട്ട വീടുകളെ പട്ടികയിലുള്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നാശനഷ്ടം രേഖെപ്പടുത്താന്‍ മൊബൈല്‍ ആപ് വികസിപ്പിച്ചിട്ടുണ്ട്. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ് വഴിയാണ് ശേഖരിക്കുക. ഇതിനായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മര്‍ക്ക് ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ കീഴിലാണു പരിശീലനം നല്‍കിയത്.
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനത്തിനു ശേഷം എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ ഗ്രൂപ്പായി തിരിഞ്ഞ് അടുത്ത രണ്ടു ദിവസങ്ങളില്‍ കോര്‍പറേഷന്‍ പരിധിയിലെ വീടുകളുടെ വിവരശേഖരണം നടത്തും.
ടാഗോര്‍ സെന്റനറി ഹാളില്‍ നടന്ന പരിശീലനത്തില്‍ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍, എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍മാര്‍, റവന്യു ഉദ്യോഗസ്ഥര്‍ ക്യാംപസസ് ഓഫ് കോഴിക്കോട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 900 പേര്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."