സൈക്കിള്‍ സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും ലിയാന സംതൃപ്തയാണ്
തിരൂരങ്ങാടി: 'എന്നെക്കാള്‍ പ്രയാസം അനുഭവിക്കുന്നവര്‍ എടുത്തോട്ടെ' തന്റെ ഏറെക്കാലത്തെ സമ്പാദ്യം സ്‌കൂളധികൃതരെ ഏല്‍പ്പിക്കുമ്പോള്‍ ലിയാന പറഞ്ഞു. വര്‍ഷങ്ങളായി തന്റെ സൈക്കിള്‍ സ്വപ്നം പൂവണിയാന്‍ സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമ്പോഴാണ് കൊടിഞ്ഞി എം.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏവരുടെയും കണ്ണുനയിപ്പിച്ച കാഴ്ച. കൊടിഞ്ഞി അല്‍അമീന്‍ നഗര്‍ കോടിയാടാന്‍ ഉമ്മര്‍-ആസിയ ദമ്പതികളുടെ മകളും സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ് ലിയാന ജുബിന്‍.
ഒരു സൈക്കിള്‍ വാങ്ങണം. അതും ചവിട്ടി സ്‌കൂളില്‍ പോകണം. ലിയാനയുടെ കുഞ്ഞു നാളിലെ ആഗ്രഹമാണ്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് ഇതുവരെ അവളുടെ ആഗ്രഹം സഫലീകരിക്കാന്‍ സാധിച്ചില്ല. ഒന്നാംക്ലാസ് മുതല്‍ തനിക്ക് ലഭിക്കുന്ന നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടുകയായിരുന്നു. എന്നാല്‍ പ്രളയാനന്തരം ജനങ്ങളുടെ ദുരിതം മനസ്സിലാക്കിയ ലിയാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി തന്റെ വിഹിതമായി ഈ തുക സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. സ്‌കൂള്‍ കമ്മിറ്റിയംഗം പത്തൂര്‍ മൊയ്തീന്‍ ഹാജി തുക ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍, ഫൈസല്‍ തേറാമ്പില്‍, നസീര്‍ മാഹിരി, നിസാര്‍ മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."