അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് അശാസ്ത്രീയം, പ്രളയ കാരണം അതി വര്‍ഷം തന്നെ- ഹൈക്കോടതിയില്‍ സര്‍ക്കാര്‍
കൊച്ചി: പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. അമിക്കസ് ക്യൂറിയുടെത് ശാസ്ത്രീയ പഠനമല്ലെന്നാണ് സര്‍ക്കാര്‍ വാദം. ശാസ്ത്രലോകം തള്ളിയ കണക്കുകള്‍ വച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നും അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം കേന്ദ്ര ജലകമ്മീഷനും ശരിവച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.
കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകിയാണ് ഏപ്രില്‍ 3ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്ന ആവശ്യപ്പെട്ടും പതിനഞ്ചോളം ഹരജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹരജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി. ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."