റേഷന്‍ കാര്‍ഡ്: അനര്‍ഹരില്‍ പലരും അകത്തുതന്നെ
മഞ്ചേരി: നിരവധി തവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിയാന്‍ തയാറാകാതെ അനര്‍ഹര്‍. ജില്ലയില്‍ അര്‍ഹതപ്പെട്ട ആയിരങ്ങളുടെ അപേക്ഷ കെട്ടിക്കിടക്കുമ്പോഴാണ് നിരവധിയാളുകള്‍ അനര്‍ഹമായി റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൈക്കലാക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ ഇപ്പോഴും മുന്‍ഗണനാ ലിസ്റ്റിലുണ്ടെന്നതാണ് വിവരം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുന്‍ഗണനാ ലിസ്റ്റിലെ അനര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചിരുന്നെങ്കിലും ഒഴിയാബാധയായി അനര്‍ഹര്‍ കടിച്ചുതൂങ്ങുകയാണ്. എന്നാല്‍ അര്‍ഹരായവര്‍ക്ക് അവസരം ലഭിക്കാന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് സ്വയം ഒഴിഞ്ഞുകൊടുത്ത നല്ല മനുഷ്യരും ജില്ലയിലുണ്ട്.
അനര്‍ഹരെ കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളെ ഏല്‍പ്പിച്ചിരുന്നെങ്കിലും പലരും കള്ളസത്യാവാങ്ങ് മൂലം നല്‍കി അര്‍ഹരായവരുടെ അന്നം മുടക്കുകയാണ്. അനര്‍ഹരെ കണ്ടെത്തുന്ന നടപടികള്‍ കാര്യക്ഷമമാകണമെങ്കില്‍ താഴെ തട്ടില്‍ നടക്കുന്ന സര്‍വേ സത്യസന്ധമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍ വാര്‍ഡ് തലങ്ങളില്‍ ഇത് നടക്കുന്നില്ല. ജില്ലയിലെ അനര്‍ഹരെയും അര്‍ഹരെയും കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇതുവരെ സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ലഭ്യമായ വിവരങ്ങളുടെ ലിസ്റ്റനുസരിച്ച് നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. റേഷന്‍ വ്യാപാരികള്‍ക്ക് കടയുടെ പരിധിയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ വേഗത്തില്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനാകും. എന്നാല്‍ പലയിടങ്ങളിലും കാര്‍ഡുടമകളും റേഷന്‍ കട നടത്തുന്നവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെ അനര്‍ഹര്‍ക്ക് മുന്നില്‍ റേഷന്‍ വ്യാപാരികള്‍ കണ്ണടക്കുകയാണ്. ഇപോസ് മെഷീന്‍ സംവിധാനം നിലവില്‍ വന്നാല്‍ അനര്‍ഹരെ കണ്ടെത്തുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അറിയിച്ചിരുന്നെങ്കിലും അനര്‍ഹര്‍ ഇപ്പോഴും ആനുകൂല്യങ്ങള്‍ കൈപ്പറ്റി കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."