എക്‌സിറ്റ് ഫലങ്ങള്‍ തള്ളി പ്രതിപക്ഷം; 23 വരെ കാത്തിരിക്കൂ, അന്നത്തെ ഫലം നിങ്ങളെ ആശ്ചര്യപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് മൂന്‍തൂക്കം നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍. മെയ് 23ന് പുറത്തുവരുന്ന ഔദ്യോഗിക ഫലം ഭരണപക്ഷത്തെയും പ്രതിപക്ഷത്തിലെ എല്ലാ പാര്‍ട്ടികളെയും അത്ഭുതപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് രാജീവ് ഗൗഡ പറഞ്ഞു. മെയ് 23 വരെ കാത്തിരിക്കൂ. ഞങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ഒരിക്കലും കൃത്യമായ വോട്ടിങ് ശതമാനവും സീറ്റുകളും പ്രവചിക്കാനാവില്ല. മുഴുവന്‍ വോട്ട് ശതമാനവും സീറ്റ് വിഹിതത്തിലേക്കു മാറ്റുന്നതു ശ്രമകരമാണ്. രാജ്യത്തു ഭയം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ അവരുടെ കാഴ്ചപ്പാട് തുറന്നുപറയില്ല- അദ്ദേഹം പറഞ്ഞു.
എന്‍.ഡി.എ ആധിപത്യം പറയുന്ന എക്‌സിറ്റ് പോളുകളെ തള്ളി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ വന്ന എക്‌സിറ്റ് പോള്‍ ഫലം. തനിക്ക് ഈ എക്‌സിറ്റ് പോള്‍ ഫലത്തില്‍ വിശ്വാസമില്ലെന്നും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുമെന്നും ഒന്നിച്ച് നിന്ന് പോരാടുമെന്നും മമത പറഞ്ഞു.
എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഒരു കാരണവശാലും അത് കൃത്യമാവാറില്ല. വികസിത രാജ്യങ്ങളില്‍ പോലും, ഇന്നലെ ഓസ്‌ട്രേലിയയില്‍ കണ്ടത് പോലെ, എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചതിന് വിരുദ്ധമായ ഫലമാണുണ്ടായത്. യെച്ചൂരി പറഞ്ഞു. ഈ തലമുറയെ ആദ്യത്തെ എക്‌സിറ്റ്‌പോളിനെ കുറിച്ചുള്ള ആര്‍.കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണ്‍ ഓര്‍മ്മിപ്പിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. തെറ്റായി വോട്ട് ചെയ്തതിന് ഭര്‍ത്താവിനെ ഭാര്യ ചീത്ത പറയാനൊരുങ്ങുമ്പോള്‍ 'പേടിക്കേണ്ട എക്‌സിറ്റ് പോളില്‍ തെറ്റ് തിരുത്തിയിട്ടുണ്ട്' എന്ന് ഭര്‍ത്താവ് പറയുന്നതാണ് കാര്‍ട്ടൂണ്‍. ഇതാണ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യമെന്നും യെച്ചൂരി പറഞ്ഞു.
നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്തോഷം അടക്കാന്‍ കഴിയുന്നില്ലെന്ന് പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തി അഭിപ്രായപ്പെട്ടു. മിഠായിക്കട കണ്ട് കുട്ടികളെ പോലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ മുഖത്തുള്ള സന്തോഷം മറച്ചുവെക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു മഹ്ബൂബയുടെ പരിഹാസം.
എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച്ച ഓസ്‌ട്രേലിയയില്‍ 56 എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റായി വന്നതെന്നും യഥാര്‍ത്ഥ ഫലം വരുന്നതുവരെ കാത്തിരിക്കാമെന്നും ശശിതരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍, ഓരോ എക്‌സിറ്റ് പോളുകളും തെറ്റാകണമെന്നില്ലെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു. ടെലിവിഷന്‍ സ്വിച്ച് ഓഫ് ചെയ്ത് വെക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."