മതില്‍മൂല കോളനിയിലെ 16 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും
നിലമ്പൂര്‍: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാഞ്ഞിരപുഴയില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ വീടുകള്‍ തകര്‍ന്ന മതില്‍മൂല കോളനിയിലെ 16 കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കാന്‍ ധാരണയായി. ജില്ലാ ജഡ്ജി സുരേഷ് കുമാര്‍ പോളിന്റെ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ഇവര്‍ക്ക് ആവശ്യമായതും വാസയോഗ്യവുമായ സ്ഥലം കണ്ടെത്താന്‍ നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസിനെ ചുമതലപ്പെടുത്തി. പി.കെ ബഷീര്‍ എം.എല്‍.എ, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍, ആര്‍.ഡി.ഒ അരുണ്‍കുമാര്‍, നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിഎഫ്ഒമാര്‍, ഐറ്റിഡിപി ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫിസര്‍ അജീഷ് പ്രഭ, കുറുമ്പലങ്ങോട്, അകമ്പാടം വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മതില്‍ മൂല കോളനി വാസയോഗ്യമല്ലെന്നും കാഞ്ഞിരപുഴക്ക് താഴെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കോളനി താമസിക്കാന്‍ ഇനി സുരക്ഷിതമല്ലെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്തി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കണം പുനരധിവാസമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ട് ക്യാംപില്‍ കഴിയുന്ന കോളനിയിലെ കുടുംബങ്ങള്‍ക്കും വാടക വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചുകൊടുക്കാന്‍ സ്വകാര്യ വ്യക്തികള്‍ സ്ഥലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇത് അനുയോജ്യമാണെങ്കില്‍ പരിഗണിക്കാവുന്നതാണെന്നും പി.കെ ബഷീര്‍ എം.എല്‍.എയും ചൂണ്ടിക്കാട്ടി. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ചാലിയാറിലെ വിവിധ സ്ഥലങ്ങളില്‍ റവന്യൂ സംഘം പരിശോധന നടത്തി. വനംവകുപ്പിന്റെ കീഴിലുള്ള കണ്ണംകുണ്ടിലേയും സ്വകാര്യ വ്യക്തികള്‍ വാഗ്ദാനം ചെയ്ത നമ്പൂരിപ്പൊട്ടി, മതില്‍മൂല പ്രദേശങ്ങളിലെ സ്ഥലങ്ങളും സന്ദര്‍ശിച്ചു. കോളനിവാസികള്‍ ഊരുകൂട്ടം ചേര്‍ന്ന് എടുക്കുന്ന തീരുമാനത്തിനായിരിക്കും മുന്‍ഗണന ലഭിക്കുക. ഉരുള്‍പൊട്ടലില്‍ ആറുപേര്‍ മരിച്ച ചെട്ടിയാംപാറയിലെ എട്ടു കുടുംബങ്ങള്‍ക്കും പുനരധിവാസത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തും. മറ്റു കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്താനായി ജില്ലാ ജഡ്ജിയുടെ ചേംബറില്‍ വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."