എക്‌സിറ്റ് പോളിനു പിന്നാലെ, സര്‍ക്കാരിനെ വിമര്‍ശിച്ച യു.പി ബി.ജെ.പി സഖ്യകക്ഷി മന്ത്രിയെ പുറത്താക്കി യോഗി
ലക്‌നൗ: യു.പി മന്ത്രിസഭയ്ക്കുള്ളിലെ പ്രശ്‌നം പുറത്തേക്ക്. എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു പിന്നാലെ, ബി.ജെ.പിയുടെ ഘടകക്ഷി സുഹെല്‍ദേവ് ഭാരതീയ സമാജ്‌വാദി പാര്‍ട്ടി നേതാവും പിന്നാക്ക വികസനകാര്യ മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭാറിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. മന്ത്രിസഭയ്ക്കുള്ളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് നടപടി.
ആപ്പിള്‍ എക്‌സിക്യൂട്ടീവിനെ വെടിവച്ച് കൊന്ന സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ മന്ത്രിസഭയിലെ അംഗംകൂടിയായ ഓം പ്രകാശ് വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞദിവസമാണ് രാജ്ഭാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് യോഗി ആദിത്യനാഥ് കത്തയച്ചത്. 'ആപ്പിള്‍ എക്‌സിക്യൂട്ടീവ് വിവേക് തിവാരിയുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണം. യു.പിയിലെ ക്രമസമാധാന പാലനം പൊലിസ് കോമഡിയായി താഴ്ത്തിക്കെട്ടിരിക്കുകയാണ്. സംഭവം മൂടിവയ്ക്കാനാണ് പൊലിസിന്റെ ശ്രമം'- ഇതായിരുന്നു ഓം പ്രകാശ് രാജ്ഭാറിന്റെ പ്രസ്താവന.
അതേസമയം, സര്‍ക്കാരിന്റെ തീരുമാനം നല്ലതാണെന്ന് രാജ്ഭാര്‍ പ്രതികരിച്ചു. പിന്നോക്ക ക്ഷേമത്തിനായി യോഗി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സാമൂഹ്യ ക്ഷേമത്തിനായി നടപടിയേടുക്കേണ്ട റിപ്പോര്‍ട്ടുകള്‍ പോലും അദ്ദേഹം ചവറ്റുകൂനയില്‍ തള്ളുകയാണെന്നും രാജ്ഭാര്‍ വിമര്‍ശിച്ചു.
പണത്തിനു വേണ്ടി ജനങ്ങളെ കൊല്ലുകയാണ് പൊലിസെന്നും ഏറ്റുമുട്ടലിന്റെ പേരില്‍ നടത്തുന്ന ഇത്തരം കൊലപാതകങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ക്രമസമാധനമെല്ലാം ഒരു കോമഡി പോലെയായി മാറി. യോഗിജിക്ക് സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായിട്ടില്ല. അല്ലെങ്കില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിട്ടില്ലെന്നും രാജ്ഭാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."