പ്രളയബാധിതരുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 'അതിജീവനം'
മലപ്പുറം: ജില്ലയില്‍ പ്രകൃതിക്ഷോഭത്തിനിരയായവര്‍ക്കിടയിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കാന്‍ 'അതിജീവനം' പദ്ധതി ഒരുങ്ങന്നു. ജില്ലാ മാനസികാരോഗ്യ പോഗ്രാമിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിതമായ 67 പഞ്ചായത്തുകളിലാണ്പദ്ധതി നടപ്പാക്കുന്നത്. പ്രകൃതിക്ഷോഭം മൂലം വീടും സ്വത്തും നഷ്ടപ്പെട്ടും പ്രളയം നേരില്‍ കണ്ട ഭീതി മൂലവും മാനസികമായി തകര്‍ന്നവരെ തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യം.
ജില്ലാ കലക്ടര്‍ മുഖ്യരക്ഷാധികാരിയായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ചെയര്‍പേഴ്‌സണായും വകുപ്പു മേധാവികള്‍ അംഗങ്ങളുമായിട്ടുള്ള കമ്മിറ്റിക്കായിരിക്കും പദ്ധതി മേല്‍നോട്ടം. മൂന്നു ഘട്ടങ്ങളായാണ് പ്രൊജക്ട് നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ 60 അംഗ പ്രത്യേക മാനസികാരോഗ്യ സംഘം രൂപീകരിച്ച് ജില്ലയിലെ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കേഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ പ്രത്യേക പരിശീലനം നല്‍കി വിവരശേഖരണത്തിന് ഉപയോഗിക്കും. പ്രത്യേക മൊബൈല്‍ ആപ് ഉപയോഗിച്ചായിരിക്കും വിവരശേഖരണം നടത്തുക. വിദ്യാര്‍ഥികളില്‍നിന്ന് വിവരണ ശേഖരണം നടത്താന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരെയും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരെയും ഉപയോഗിക്കും. വിവര ശേഖരണത്തില്‍ ലഭിച്ച പ്രാഥമിക വിവരങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് രണ്ടാം ഘട്ടത്തില്‍ നടത്തുക. കൂടുതല്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ 'അതിജീവനം' ക്ലിനിക്കുകള്‍ ആരംഭിക്കും. പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്ക് പുതിയ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കാന്‍ 'അതിജീവനം' വൊക്കേഷണല്‍ ട്രെയിനിങ് സെന്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ട്രോമാ, റിലീഫ് ട്രെയിനിങ്, പ്രളയബാധിത മേഖലകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള മാനസികാരോഗ്യ പരിശീലനം എന്നിവയും ഈ ഘട്ടത്തില്‍ നടക്കും. ഡി.എച്ച്.ഡി.പിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മനഃശാസ്ത്ര പ്രാഥമിക ശുശ്രൂഷാ പരിശീലനം, സ്‌കൂള്‍ മാനേജര്‍മാര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ക്ക് അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനം തുടങ്ങിയയവാണ് മൂന്നാം ഘട്ടത്തില്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."