HOME
DETAILS
MAL
പൈതങ്ങളോടും കാമക്രൂരത
backup
October 05 2020 | 23:10 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് കാലത്ത് വീട്ടിലൊതുങ്ങിയ പൈതങ്ങളോട് കാമഭ്രാന്തന്മാരുടെ കൊടുംക്രൂരത. നിഷ്‌കളങ്കരായ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച 41 പേര്‍ അറസ്റ്റിലായി, 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊവിഡ് കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടതോടെ സൈബര്‍ ഡോം നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി സൈബര്‍ ഡോം നടത്തിയ പരിശോധനയില്‍ കുട്ടികളുടെ അശ്ലീല ഉള്ളടക്കമുള്ള ചിത്രങ്ങളും വിഡിയോകളും വാട്‌സ്ആപ്, ടെലഗ്രാം മെസഞ്ചര്‍ സേവനങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കണ്ടെത്തി. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരും വിദ്യാസമ്പന്നരുമാണ് പിടിയിലായവരില്‍ ഏറെയും. ഐ.ടി ആക്ട്, പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. തെളിവുകള്‍ നശിപ്പിക്കുന്ന തരത്തില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം.
സംസ്ഥാന പൊലിസിന്റെയും ഇന്റര്‍പോളിന്റെയും സൈബര്‍ ഡോമിന്റെയും സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആറിനും 15നും ഇടയില്‍ മാത്രം പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന പത്തിലേറെ വാട്‌സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകള്‍ സജീവമാണെന്ന് കണ്ടെത്തി. ഇതിനു നേതൃത്വം നല്‍കുന്ന 326 പേരെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു 24 മണിക്കൂറോളം നീണ്ട സംസ്ഥാന വ്യാപക പരിശോധന.
ഐ.ജി (ക്രൈംസ്) എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെയുള്ള 326 സ്ഥലങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും നടത്തിയ റെയ്ഡില്‍ 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കുട്ടികളുടെ വിഡിയോകളും ചിത്രങ്ങളുമുള്ള കംപ്യൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തു. ഐ.ജിമാരായ എസ്. ശ്രീജിത്ത്, ഹര്‍ഷിത അട്ടല്ലൂരി, അശോക് യാദവ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടരും.
ശ്രദ്ധവേണം
ഈ ഗ്രൂപ്പുകളില്‍
ചക്ക, ബോഗ് തണ്ണിമത്തന്‍, ഉപ്പും മുളകും, ഗോള്‍ഡ് ഗാര്‍ഡന്‍, ദേവത, ഇന്‍സെസ്റ്റ് ലവേഴ്‌സ്, പൂത്തുമ്പികള്‍ ഇങ്ങനെ നീളുന്നു അശ്ലീല വാട്ആപ്, ടെലഗ്രാം ഗ്രൂപ്പുകള്‍. ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. ഓരോ ഗ്രൂപ്പിലും നാനൂറിലധികം ആളുകളാണ് അംഗങ്ങളായുള്ളത്.
കുട്ടികള്‍ ഉപയോഗിക്കുന്ന ഫോണുകള്‍ പരിശോധിക്കുക. വാട്‌സ്ആപ്, ടെലഗ്രാം, ഫേസ്ബുക്ക് എന്നിവ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. മാതാപിതാക്കളും വാട്‌സ്ആപ്, ടെലഗ്രാം ചാറ്റുകള്‍ കുറയ്ക്കുക.
എല്ലാ വാട്‌സ്ആപ്,
ടെലഗ്രാം ഗ്രൂപ്പുകളും നിരീക്ഷണത്തില്‍
പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ 15 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിഡിയോകളും ചിത്രങ്ങളും അടങ്ങിയിട്ടുണ്ടെന്ന് നോഡര്‍ ഓഫിസറും ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം പറഞ്ഞു. കണ്ടെത്തിയ ഗാഡ്‌ജെറ്റുകളില്‍ നിരവധി ചാറ്റുകള്‍ കണ്ടെത്തിയതിനാല്‍ ചിലര്‍ കുട്ടികളെ കടത്തുന്നതില്‍ പങ്കാളികളാണെന്ന് സംശയിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്ന മറ്റുള്ളവരുടെയും വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ട്. എല്ലാ വാട്‌സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളും നിരീക്ഷിച്ചുവരികയാണെന്നും കൊവിഡ് കാലത്ത് അശ്ലീല ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഇരട്ടിയായിട്ടുണ്ടെന്നും മനോജ് എബ്രഹാം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."