HOME
DETAILS
MAL
കടന്നാക്രമിച്ച് ഡോക്ടര്‍മാര്‍; ആരോഗ്യവകുപ്പിന് പുഴുവരിക്കുന്നു
backup
October 05 2020 | 23:10 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായിരിക്കെ ആരോഗ്യ വകുപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു എന്നാണ് ഐ.എം.എയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും ഐ.എം.എ ആരോപിച്ചു.
ഗുരുതരാവസ്ഥയിലുളള രോഗികളെ പരിചരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ സംസ്ഥാനത്തില്ല. ആരോഗ്യ വിദഗ്ധരെ മൂലയ്ക്കിരുത്തി രാഷ്ട്രീയ ലാഭങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഉദ്യോഗസ്ഥ മേധാവിത്വത്തില്‍ മഹാമാരിയെ നേരിടുമ്പോള്‍ ഉണ്ടാകുന്ന അതിഗുരുതരാവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനം എത്തിനില്‍ക്കുന്നതായി ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറി ഡോ. പി.ഗോപികുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഇനിയും സജ്ജീകരിക്കാതെ, ത്രിതല ചികിത്സാ സംവിധാനങ്ങളില്‍ ഭീതിപ്പെടുത്തുന്ന അപര്യാപ്തതയാണ് ഇപ്പോഴുള്ളത്.
നിലവില്‍ എണ്‍പതു ശതമാനം ഐ.സി.യു, വെന്റിലേറ്റര്‍ ബെഡുകളില്‍ രോഗികള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. ഇനിയും രോഗികള്‍ ഇരട്ടിയാവുന്ന രീതിയില്‍ ആണ് കാര്യങ്ങള്‍. കൊവിഡ് ഇതര രോഗികളെ സര്‍ക്കാര്‍ മേഖല പൊതുവേ കൈയൊഴിഞ്ഞ സ്ഥിതിയാണ്. സ്വകാര്യ മേഖലയാകട്ടെ കൊവിഡ്, കൊവിഡ് ഇതര രോഗികളെ ഒരേ സമയം പരിചരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു ആരോഗ്യ പ്രവര്‍ത്തകനോ ഭരണകര്‍ത്താവിനോ രോഗം വന്നാല്‍ പോലും ചികിത്സിക്കാന്‍ കിടക്കയില്ലാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്.അന്‍പതു രോഗികള്‍ക്ക് ഒരു ഡോക്ടറും ഒരു നഴ്‌സും രണ്ട് അറ്റന്‍ഡര്‍മാരും മാത്രം പരിചരിക്കാന്‍ നിയമിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു വീഴ്ചകള്‍ വരുമെന്ന്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും നിരുത്തരവാദിത്വത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ ബലിയാടുകളാകുന്നു. ടെസ്റ്റുകള്‍ കൂട്ടാന്‍ മാസങ്ങളായി ആവശ്യപ്പെടുന്നു. അമ്പതിനായിരം ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി 14.5 ശതമാനം. ഇപ്പോള്‍ തന്നെ ഒരു ലക്ഷം ടെസ്റ്റുകള്‍ ചെയ്താല്‍ ഇരുപതിനായിരത്തിലധികം പോസിറ്റീവ് രോഗികള്‍ ഉണ്ടാവും. അത്രയും പേരെ ഐസൊലേറ്റ് ചെയ്യാതെ അവര്‍ സമ്പര്‍ക്ക വ്യാപനം നടത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.ഊണും ഉറക്കവും വീടും കുടുംബവും ഉപേക്ഷിച്ച് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാലറി ചലഞ്ച്, നിരീക്ഷണ അവധി റദ്ദാക്കല്‍, അധിക ജോലിഭാരം എന്നു വേണ്ട ഏതെല്ലാം നിലയില്‍ പീഡിപ്പിക്കാമോ അതെല്ലാം ചെയ്യാന്‍ ഉദ്യോഗസ്ഥ വൃന്ദത്തിന് എങ്ങനെ കഴിയുന്നു? ഈ അവസ്ഥ ഉണ്ടാക്കുന്ന ആഘാതം ഭയാനകമായിരിക്കും എന്ന മുന്നറിയിപ്പാണ് നല്‍കാനുള്ളതെന്നും ഐ.എം.എ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."