കുറുന്തൂരില്‍ റോഡരികില്‍ 'സ്‌പോണ്‍സേര്‍ഡ് മാലിന്യം'
നീലേശ്വരം: പടന്നക്കാട്-ഒഴിഞ്ഞവളപ്പ് വഴി ബീച്ചിലേക്കു പോകുന്ന വിനോദസഞ്ചാരികളെ വരവേല്‍ക്കുന്നതു വന്‍ മാലിന്യ കൂമ്പാരം. കുറുന്തൂര്‍ ദുര്‍ഗാ പരമേശ്വരി ക്ഷേത്രകവാടത്തിനടുത്താണു ചാക്കില്‍ കെട്ടിയ നിലയില്‍ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത്.
മാസങ്ങള്‍ക്കു മുന്‍പ് കാഞ്ഞങ്ങാട് നഗരസഭാ അധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ചാണു ഇവിടെ മാലിന്യങ്ങള്‍ തള്ളിത്തുടങ്ങിയത്. ആഴ്ചതോറും വണ്ടിവന്നു കൊണ്ടു പോകുമെന്നായിരുന്നു അന്നു നല്‍കിയ ഉറപ്പ്. എന്നാല്‍ ഇതുവരെയായും അതു നീക്കം ചെയ്തില്ല. തുടര്‍ന്നു നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു കുന്നുകൂടിയ മാലിന്യങ്ങള്‍ മൂന്നുമാസങ്ങള്‍ക്കു മുന്‍പ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കുറേ ചാക്കുകളില്‍ നിറച്ചു വച്ചു. നഗരസഭാ വാഹനത്തില്‍ കൊണ്ടുപോകാനാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെയായും അതു നീക്കം ചെയ്യാതെ കിടക്കുകയാണ്.
സമീപകാലത്തായി ഹോട്ടല്‍ മാലിന്യങ്ങളുള്‍പ്പെടെ ഇവിടെ തള്ളുന്നുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. നിരവധി തവണ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പരിഹാരമായില്ല. ശുചിത്വമിഷന്റെ മാതൃകാ പദ്ധതിക്കു തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ സുപ്രധാന റോഡാണിത്. ടൂറിസം മേഖലയായ തീരദേശ റിസോര്‍ട്ടുകളിലേക്കു വിദേശികള്‍ ഉള്‍പ്പെടെ ഇതുവഴിയാണു കടന്നു പോകുന്നത്.
നഗരസഭയ്ക്കു നികുതിയിനത്തില്‍ ലക്ഷക്കണക്കിനു രൂപ ഈ റിസോര്‍ട്ടുകളില്‍ നിന്നു ലഭിക്കുന്നുണ്ട്.
എന്നിട്ടും അധികൃതര്‍ പ്രശ്‌നത്തിനു പരിഹാരം കാണാത്തതു ശക്തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."