കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചു; ഉടന്‍ യാത്ര തുടങ്ങും
കൊച്ചി: കേരളത്തിന്റെ അഭിമാനം കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) ആണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചി മെട്രോയ്ക്ക് മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മെട്രോ ഉടന്‍ ട്രാക്കിലാകുമെന്നും കെ.എം.ആര്‍.എല്‍ അറിയിച്ചു.
11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിനാണ് ചീഫ് മെട്രോ സുരക്ഷാ കമ്മിഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആലുവ മുതല്‍ പാലാരിവട്ടംവരെയുള്ള ട്രാക്കിന്റെയും സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം മെട്രോ റെയില്‍ ചീഫ് സേഫ്റ്റി കമ്മിഷണര്‍ കെ.എ.മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു സംതൃപ്തി അറിയിച്ചിരുന്നു.
സൈനേജുകള്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, കാമറ സ്ഥാപിക്കല്‍ എന്നിവയില്‍ ചില പോരായ്മകള്‍ കണ്ടെത്തിയെങ്കിലും നിശ്ചിത സമയത്തിനകം കുറ്റമറ്റതാക്കുമെന്നു കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മെട്രോക്ക് ഇന്ന് അവസാന കടമ്പയായ സുരക്ഷാ റിപ്പോര്‍ട്ട് നല്‍കിയത്.
വിഷുദിനത്തില്‍ സുരക്ഷ സംബന്ധിച്ച പ്രധാന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി കൊച്ചി മെട്രോ മുഖ്യ കടമ്പ കടന്നിരുന്നു. സര്‍വിസ് രംഗത്തെ ഏറ്റവും പ്രധാന സംവിധാനമായ കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചുകൊണ്ടായിരുന്നു കൊച്ചി മെട്രോയുടെ ഈ നേട്ടം. ഇതോടെ അത്യാധുനിക സിഗ്‌നല്‍ സംവിധാനത്തില്‍ മികച്ച നേട്ടം കൈവരിച്ച രാജ്യത്തെ ആദ്യ മെട്രോയെന്ന ബഹുമതിയും കൊച്ചി മെട്രോ നേടിയിരുന്നു. ഇറ്റലി ആസ്ഥാനമായുള്ള കമ്പനിയായ ബ്യൂറോ വേരിറ്റാസ് ആണ് ഈ സംവിധാനം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളുടെ അഗ്‌നിസുരക്ഷാ പരിശോധനയും നടത്തിയിരുന്നു. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ സാഹചര്യത്തില്‍ ഈ മാസം അവസാനംതന്നെ മെട്രോയുടെ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് കെ.എം.ആര്‍.എല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിയതി ലഭിച്ചാല്‍ ഉടന്‍ ഉദ്ഘാടനം നിശ്ചയിക്കാന്‍ കഴിയുംവിധം കാര്യങ്ങള്‍ പുരോഗമിക്കുകയാണ്.
രാജ്യത്തെ മറ്റ് മെട്രോ സ്റ്റേഷനുകളോടു കിടപിടിക്കുന്ന സ്റ്റേഷനുകളാണ് കൊച്ചിയിലും ഒരുങ്ങിയിരിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍, കണ്‍ട്രോള്‍ റൂം, ഉപഭോക്തൃ സേവന കേന്ദ്രം, ശുചിമുറികള്‍, എസ്‌കലേറ്റര്‍, ടിക്കറ്റ് ഗേറ്റുകള്‍ എന്നിവയെല്ലാം മെട്രോ സ്റ്റേഷനുകളില്‍ സജ്ജമായിക്കഴിഞ്ഞു. 11 സ്റ്റേഷനുകളും വ്യത്യസ്ത വലിപ്പത്തിലാണെങ്കിലും എല്ലാ സ്റ്റേഷനുകളിലും മികവുറ്റ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."