കുഞ്ഞു കൈകളില്‍നിന്നു വലിയ സഹായം ഒരുങ്ങുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായ ശേഖരണത്തിനായി ജില്ലയിലെ വിദ്യാലയങ്ങള്‍ ഒരുങ്ങുന്നു. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി സെപ്റ്റംബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏകദിന ധനശേഖരണ യജ്ഞത്തില്‍ കഴിയാവുന്നത്ര പണം ശേഖരിച്ചു നല്‍കാനുള്ള തയാറെടുപ്പുകളിലാണ് ഓരോ സ്‌കൂളും. മിക്ക സ്‌കൂളുകളിലും ദിവസങ്ങള്‍ക്കു മുന്‍പേ ധനശേഖരണം തുടങ്ങിക്കഴിഞ്ഞു.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള സ്‌കൂളുകളെ ഉള്‍പ്പെടുത്തി ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ധനശേഖരണ യജ്ഞത്തിന്റെ ഭാഗമാക്കും. ക്ലാസ് അടിസ്ഥാനത്തിലാണു സ്‌കൂളുകളില്‍ ധനശേഖരണം നടക്കുന്നത്. കുട്ടികള്‍ ശേഖരിക്കുന്ന തുക 11 നു രാവിലെ 10 ന് കോട്ടണ്‍ഹില്‍ സ്‌കൂളില്‍നിന്നും ഉച്ചയ്ക്ക് 12ന് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങും.
ജില്ലയിലെ മിക്ക സ്‌കൂളുകളും പ്രളയക്കെടുതി ബാധിച്ച സ്ഥലങ്ങളിലേക്ക് അവശ്യസാധനങ്ങളെത്തിച്ചും അവിടുത്തെ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വാങ്ങി നല്‍കിയും മാതൃകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലേക്ക് ലോഡ് കണക്കിന് അവശ്യ സാധനങ്ങളാണു കുട്ടികളുടെ വകയായി ജില്ലയില്‍നിന്നു നല്‍കിയത്. പ്രളയബാധിത ജില്ലകളില്‍ അവശ്യവസ്തുക്കളെത്തിക്കാന്‍ കാട്ടിയ ആവേശത്തില്‍ത്തന്നെയാണ് സംസ്ഥാന പുനര്‍ നിര്‍മാണത്തിനായുള്ള ധനസമാഹരണ യജ്ഞത്തിലേക്കു വിദ്യാര്‍ഥികള്‍ സംഭാവന നല്‍കുന്നത്. പൊതുജനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ധനസമാഹരണം നടത്തുന്ന യജ്ഞത്തിനും സെപ്റ്റംബര്‍ 11 നു തുടക്കമാകും. തിരുവനന്തപുരം താലൂക്കിലാണു സെപ്റ്റംബര്‍ 11ന് ധനസമാഹരണ യജ്ഞം.
ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ വി.ജെ.ടി. ഹാളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തും. സെപ്റ്റംബര്‍ 13നു രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നെടുങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലും സെപ്റ്റംബര്‍ 14നു രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ആറ്റിങ്ങല്‍ ടൗണ്‍ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ വര്‍ക്കല മുനിസിപ്പല്‍ ഓഫിസ് ഹാളിലും ധനശേഖരണം നടത്തും.
നെയ്യാറ്റിന്‍കര താലൂക്കിലെ ധനശേഖരണം സെപ്റ്റംബര്‍ 15ന് രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നെയ്യാറ്റിന്‍കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലും കാട്ടാക്കട താലൂക്കിലേത് അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഓഡിറ്റോറിയത്തിലും നടക്കും.
ചെക്കുകളും ഡ്രാഫ്റ്റുകളുമായാണു പണം സ്വീകരിക്കുന്നത്. ഓരോ താലൂക്കിലും നിശ്ചയിച്ചിട്ടുള്ള സമയത്ത് മന്ത്രി നേരിട്ടെത്തി തുക ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."