തീവ്രവാദവും ഭീകരവാദവും അമേരിക്കന്‍ ഉല്പന്നം: പി.കെ ശ്രീമതി എം.പി
തൃക്കരിപ്പൂര്‍: തീവ്രവാദവും ഭീകരവാദവും അമേരിക്കയുടെ ഉല്പന്നമാണെന്നു സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി എം.പി. സി.പി.എം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'തീവ്രവാദം തടയുക നാടിനെ രക്ഷിക്കുക' എന്ന സന്ദേശവുമായി തൃക്കരിപ്പൂരില്‍ സംഘടിപ്പിച്ച 'സ്നേഹ സംഗമ'ത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീമതി.
ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലെ ജനാധിപത്യ മതേതര സര്‍ക്കാറുകളെ തകര്‍ക്കാന്‍ അമേരിക്ക തന്നെ ചില ദുഷ്ട ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ വംശീയപരമായ ഇടപെടല്‍ കാരണമാണു രാജ്യത്തുടനീളം ഭീകരതയുടെ വിത്തുകള്‍ ഉടലെടുത്തത്. ചെറുസംഘങ്ങളായിരുന്ന താലിബാനെ പോലുള്ള സംഘടനകള്‍ അമേരിക്കയ്ക്കു വരെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വളര്‍ന്നു. ഇവര്‍ക്കു സാമ്പത്തിക സഹായവും ആയുധവും അഭയവും ആദ്യഘട്ടത്തില്‍ നല്‍കിയത് അമേരിക്കയാണ്.
എന്‍.ഡി.എ ഭരണകൂടവും അമേരിക്കയുടെ പിടിയിലാണ്. ആര്.എസ്.എസും രാജ്യത്തിനെ അപകടകരമായ രീതിയിലാണു കൊണ്ടുപോകുന്നത്. ചത്ത മൃഗങ്ങളുടെ തുകല്‍ എടുത്ത് ഉപജീവനം നടത്തുന്ന പട്ടികജാതി വിഭാഗത്തിലുള്ള ലക്ഷക്കണക്കിനു തൊഴിലാളികളെ ആത്മഹത്യയിലേക്കു തള്ളിവിടുകയാണ് മോദിയുടെ ഗുജറാത്തിലെന്നും ശ്രീമതി ആരോപിച്ചു. തൃക്കരിപ്പൂരില്‍ തങ്കയം മുക്കില്‍ നിന്ന് ആരംഭിച്ച ബഹുജന പ്രകടനം ടൗണില്‍ സമാപിച്ചതോടെയാണ് സംഗമത്തിന് തുടകമായത്. ഇ കുഞ്ഞിരാമന് അധ്യക്ഷനായി. പി കരുണാകരന് എം.പി, സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.വി ഗോവിന്ദന്, ഡോ വി.പി.പി മുസ്തഫ, എം.വി കോമന് നമ്പ്യാര്‍, വി.പി രാജീവന്, പി രാഘവന്, കെ.വി ജനാര്ദ്ദനന്, പി ശ്യാമള പ്രസംഗിച്ചു.
പടന്നയില്‍ പി കരുണാകരന് എം.പി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."